dileep-case-

ന്യൂഡൽഹി: നടൻ ദിലീപിന് കർശന വ്യവസ്ഥയോടെയാണെങ്കിൽപ്പോലും ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി. സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ദിലീപിന് ദൃശ്യങ്ങൾ കാണാമെന്നും അതിന് തടസമില്ലെന്നും നടി അറിയിച്ചു. ദൃശ്യങ്ങൾ നൽകുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങൾ എഴുതി നല്‍കി.

പ്രതിയെന്ന നിലയിൽ നടന് ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളൂവെന്നും നടി കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങൾ കെെമാറിയാൽ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നും നടി കോടതിയെ രേഖാമൂലം അറിയിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജിയിൽ കക്ഷി ചേരണമെന്ന് നടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങൾ കേസിലെ രേഖ ആണെങ്കിൽ പോലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്നാണ് സർക്കാരിന്റെ വാദം. ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടിമുതൽ ആണ്. എന്നാൽഅതിലെ ദൃശ്യങ്ങൾ കേസിലെ രേഖ ആണ്. പക്ഷേ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ അവ ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ടെന്നും, നടിയുടെ സ്വകാര്യതയെ അത് ബാധിക്കും എന്നും സർക്കാർ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽവ്യക്തമാക്കി.

തന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ അനിവാര്യം ആണെന്നായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ എഴുതി നല്‍കിയ വാദത്തിൽ വ്യക്തമാക്കിയിരുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് കൈമാറണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകും എന്നും ദിലീപ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.