കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ചമയ്ക്കാൻ ഒത്താശ ചെയ്തുവെന്ന പരാതിയിൽ ആരോപണവിധേയയായ കോഴിക്കോട് എൽ.ആർ തഹസിൽദാർ ജയശ്രീയിൽ നിന്ന് ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ സി. ബിജു മൊഴിയെടുത്തു. ഇന്നലെ രാവിലെ പത്ത് മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് രണ്ടു മണി വരെ നീണ്ടു.
ജയശ്രീ താമരശേരി ഡെപ്യൂട്ടി തഹസിൽദാരായിരിക്കെ വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിക്ക് കൂട്ടുനിന്നുവെന്നും ഈ ഒസ്യത്ത് പ്രകാരം നികുതി സ്വീകരിക്കാൻ കൂടത്തായി വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയെന്നുമാണ് ആരോപണം. എന്നാൽ, വ്യാജ ഒസ്യത്തിന് സഹായിച്ചുവെന്ന ആരോപണം ജയശ്രീ നിഷേധിച്ചതായാണ് വിവരം. ജോളിയിൽ നിന്ന് നികുതി സ്വീകരിക്കാൻ പറഞ്ഞത് വ്യാജ ഒസ്യത്താണെന്ന് അറിയാതെയായിരുന്നു. നേരത്തേ തങ്ങൾ അയൽക്കാരായിരുന്നു. ആ പരിചയത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കിക്കിട്ടാൻ സഹായം തേടി. തുടർന്ന് താൻ അന്നത്തെ കൂടത്തായി വില്ലേജ് ഓഫീസറോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്.
ജോളിയുടേത് വ്യാജ ഒസ്യത്താണെന്ന് അറിഞ്ഞതോടെ എല്ലാ നടപടിക്രമങ്ങളും റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് കൂടത്തായി വില്ലേജ് ഓഫീസർ കൂടത്തായി പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ കത്ത് കൂടത്തായി പഞ്ചായത്ത് ഓഫീസിൽ നിന്ന് കാണാതായി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചതനുസരിച്ച് ജില്ലാ കളക്ടർ അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. വ്യാജ ഒസ്യത്തിൽ നികുതി സ്വീകരിച്ച അന്നത്തെ വില്ലേജ് ഓഫീസറിൽ നിന്നും മറ്റു ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും. വില്ലേജ് ഓഫീസിലെ രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുക.