കൊച്ചി: ആറാം വയസിലാണ് എസ്‌തർ ഡഫ്ളോ എന്ന ഫ്രഞ്ച് പെൺകുട്ടി മദർ തെരേസയെ കുറിച്ച് വായിക്കുന്നത്. ഒരാൾക്ക് കഴിയാൻ പത്തടിയിൽ താഴെ മാത്രം സ്ഥലമുള്ള, പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന കൊൽക്കത്തയെ കുറിച്ച് ആ പുസ്‌തകത്തിൽ വിശദമായി എഴുതിയിരുന്നത് എസ്‌തറിന്റെ മനസിൽ തട്ടി.
പിന്നീട്, 1994 ലാണ് കൽക്കട്ട സ്വദേശിയും അമേരിക്കയിലെ എം.ഐ.ടി പ്രൊഫസറുമായ അഭിജിത് ബിനായക് ബാനർജിയെ, എസ്‌തർ കണ്ടുമുട്ടുന്നത്. അന്ന്, എം.ഐ.ടിയിൽ സാമ്പത്തിക ശാസ്‌ത്രത്തിൽ പിഎച്ച്.ഡി ചെയ്യുകയായിരുന്നു എസ്‌തർ. അഭിജിത്, എസ്‌തറിന്റെ ഗൈഡും. കൽക്കട്ട കാണണമെന്ന മോഹം എസ്‌തർ അഭിജിത്തുമായി പങ്കുവച്ചു. 1997ൽ ഇരുവരും കൽക്കട്ടയിലെത്തി.
അതൊരു നിമിത്തമായിരുന്നു. കൽക്കട്ട അവരുടെ ഹൃദയത്തിൽ പ്രണയം വിടർത്തി. ഒന്നിച്ച് ജീവിതം തുടങ്ങി. 2012ൽ കുഞ്ഞുണ്ടായി. 2015ൽ ഇരുവരും വിവാഹിതരായി.
എം.ഐ.ടിയിൽ പ്രൊഫസറായിരുന്ന ഡോ. അരുന്ധതി ബാനർജിയായിരുന്നു അഭിജിത്തിന്റെ ആദ്യ ഭാര്യ. അതിലൊരു മകനും ഉണ്ടായിരുന്നു. ഈ ബന്ധം പിരിഞ്ഞശേഷമായിരുന്നു എസ്തറുമായുള്ള വിവാഹം. അഭിജിത് ബാനർജി, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച 'ന്യായ്" പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു. ദരിദ്ര കുടുംബങ്ങൾക്ക്, ഇന്ത്യയുടെ ധനക്കമ്മിയെ ബാധിക്കാത്ത വിധം പ്രതിവർഷം 72,000 രൂപവീതം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്. സാമ്പത്തിക ശാസ്‌ത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തു. എസ്‌തറുമായി ചേർന്ന് അഭിജിത് രചിച്ച 'പുവർ എക്കണോമിക്‌സ്" എന്ന പുസ്‌തകം 2011ലെ 'ഗോൾഡ്‌മാൻ സാച്ച്‌സ് ബിസിനസ് ബുക്ക് ഒഫ് ദ ഇയർ" പുരസ്‌കാരം നേടിയിരുന്നു.
നോബൽ പുരസ്‌കാരം നേടുന്ന ആറാമത്തെ ദമ്പതികളാണ് അഭിജിത് ബാനർജിയും എസ്‌തർ ഡഫ്ളോയും.
1903ൽ പിയറി ക്യൂറിയും മേരി ക്യൂറിയുമാണ് ആദ്യമായി നോബൽ സമ്മാനം (ഫിസിക്‌സ്, റേഡിയം, പൊളോണിയം എന്നിവയുടെ കണ്ടുപിടിത്തം) നേടിയ ദമ്പതികൾ.
കൽക്കട്ട സർവകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ പഠിച്ച അഭിജിത്, 1998ൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടി.
2003ലാണ് എസ്‌തർ, സെന്തിൽ മുല്ലൈനാഥൻ എന്നിവർക്കൊപ്പം അബ്‌ദുൾ ലത്തീഫ് ജമീൽ പോവെർട്ടി ആക്‌ഷൻ ലാബ് (ജെ- ലാബ്) തുടങ്ങിയത്
ദാരിദ്ര്യ നിർമ്മാർജനത്തിന് ആവശ്യമായ നയരൂപീകരണമായിരുന്നു ലക്ഷ്യം.
മേക്കിംഗ് എയിഡ് വർക്ക് (2007), വാട്ട് ദ എക്കണോമി നീഡ്‌സ് നൗ (2019) തുടങ്ങിയ പുസ്‌തകങ്ങൾ ശ്രദ്ധേയമായി.
വികസന അജൻഡ ആധാരമാക്കി യു.എൻ സെക്രട്ടറി ജനറൽ രൂപീകരിച്ച ഹൈലെവൽ പാനലിൽ അംഗമായിരുന്നു അഭിജിത്.
അഭിജിത് ബാനർജി (58)
ജനനം: 1961 ഫെബ്രുവരി 21ന് കൊൽക്കത്തയിൽ.
മാതാപിതാക്കൾ: ദീപക് ബാനർജി, നിർമ്മല ബാനർജി. ഇരുവരും സാമ്പത്തിക ശാസ്‌ത്രജ്ഞർ
എസ്‌തർ ഡഫ്ളോ (46)
ജനനം: 1972 ഒക്‌ടോബർ 25ന് പാരീസിൽ.
മാതാപിതാക്കൾ: അമ്മ വയോലെയിൻ ഡഫ്ളോ (ഡോക്‌ടർ), അച്‌ഛൻ മിഷേൽ ഡഫ്ളോ (മാത്‌സ് പ്രൊഫസർ)