മലയാള സിനിമയിൽ തന്റേതായ അഭിനയ ശൈലിയിലൂടെ ഒരു ഇടം കണ്ടെത്തിയ പുതുമുഖ നടനാണ് ഷെയ്ൻ നിഗം. താരത്തിന്റെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആറാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സ്വകാര്യ ചാനലിന്റെ റിയാലിന്റെ ഷോയുടെ ഓഡിഷനിൽ ഷെയ്ൻ പങ്കെടുത്തിരുന്നു. ബോയ്സ് എന്ന ചിത്രത്തിലെ ‘പാൽ പോലെ പതിനാറ്, എനക്കൊരു ഗേൾ ഫ്രണ്ട് വേണം’ എന്ന പാട്ടാണ് താരം അന്ന് പാടിയിരുന്നത്. എന്നാൽ അന്ന് ഓഡിഷനിൽ കുട്ടി ഷെയ്‌ൻ പുറത്താകുകയായിരുന്നു.
“മോൻ നന്നായി പെർഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാൽ നമുക്ക് അടുത്ത വർഷം ശരിയാക്കി എടുക്കാം,” എന്നാണ് ജഡ്‌ജസ് പറയുന്നത്. വർഷങ്ങൾക്ക് ശേഷം അതേ പാട്ടിന് വേദിയിൽ ചുവടുവെച്ച് കയ്യടി നേടുന്ന ഷെയ്നിന്റെ വീഡിയോ കോർത്തിണക്കിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘പടച്ചോൻ ഉണ്ട്ട്ടാ’ എന്നാണ് ഷെയ്‌നിന്റെ ചിരിയോടെയുള്ള കമന്റ്. ടെലിവിഷൻ സീരിയലിലൂടെ സിനിമയിലെത്തിയ ഷെയിനിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. ‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.