marad-flat-

കൊച്ചി : മരടിൽ പൊളിക്കാൻ സുപ്രീംകോടതി നിർദേശിച്ച ഫ്ളാറ്റുകളുടെ ഉടമകളിൽ എല്ലാവർക്കും 25 ലക്ഷം രൂപ അടിയന്തരസഹായമില്ല. അർഹത നോക്കിയാവും ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകുക. ഭൂമിയുടെയും ഫ്ലാറ്റിന്റെയം വില കണക്കാക്കി ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ.ബാലകൃഷ്‌ണൻ നായർ സമിതി വ്യക്തമാക്കി.

14 ഫ്ലാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശയിലുള്ളത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നൽകാനും ശുപാർശയുണ്ട്. ആദ്യഘട്ട റിപ്പോർട്ടിലുള്ളത് 14 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള ശുപാർശയാണ്. ആദ്യഘട്ടത്തിൽ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകണം. ജെയ്ൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുക. ഗോൾഡൻ കായലോരത്തിലെ നാല് പേർക്കും, ആൽഫാ സെറീനിലെ നാല് പേർക്കും, ജെയ്ൻ കോറൽ കോവിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരം നൽകുക.


മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനായി നിയന്ത്രിത സ്ഫോടനം നടത്താൻ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കാലമാണ്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെയും ഗതാഗത നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ അവധിക്കാലത്തു സ്ഫോടനം നടത്തുന്നതിലൂടെ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9നു മുൻപാണു ഫ്ലാറ്റുകൾ പൊളിക്കേണ്ടത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കരാറുകൾ 2 കമ്പനികൾക്കു നൽകാനാണു വിദഗ്ധ സമിതി ശുപാർശ. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ 2 മാസമെടുക്കും.