കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ രണ്ടു മാസം മുമ്പ് മരിച്ചത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.
ആറു കൊലകൾ നടന്നതിൽ റോയിയുടെ ജഡം മാത്രമേ പോസ്റ്റ്മോർട്ടം നടത്തിയിട്ടുള്ളു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത് സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ പ്രത്യേക കഴിവുള്ള അന്നത്തെ അഡിഷണൽ പ്രൊഫസർ ഡോ. ആർ. സോനുവാണ്. രാസപരിശോധനാ ഫലത്തിനായി കാത്തുനിൽക്കാതെ തന്നെ അവർ റിപ്പോർട്ടിൽ എഴുതി "മരണകാരണം സയനൈഡാണെന്ന് ഉറപ്പിക്കാം. " അഞ്ച് വർഷം കഴിഞ്ഞ് 2016ലാണ് രാസപരിശോധനാ ഫലം വന്നത്. അതിൽ സയനൈഡ് കാരണമാണ് മരണമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ലെന്നു മാത്രം.
സയനൈഡിനെക്കുറിച്ച് ഗ്രാഹ്യമുള്ള ഡോക്ടറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായി ശ്രമം തുടങ്ങിയപ്പോഴാണ് ഡോ. സോനു മരിച്ചതായി അന്വേഷണസംഘം അറിയുന്നത്. വൃക്കരോഗം ബാധിച്ച് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനായിരുന്നു അന്ത്യം. ഡോക്ടറുടെ മരണം കേസിനെ ബാധിക്കില്ലെന്ന് പൊലീസ് പറയുന്നു. റോയിയുടെ മരണത്തിൽ കേസുമായി മുന്നോട്ട് പോകണമെന്ന് റോയിയുടെ അമ്മാവൻ മഞ്ചാടിയിൽ മാത്യു ശഠിച്ചപ്പോൾ കുട്ടികളുടെ ഭാവി ഓർത്തെങ്കിലും കേസിൽ നിന്ന് പിന്മാറണമെന്ന് ജോളി അപേക്ഷിച്ചു. അതോടെ കുടുംബത്തിലെ മറ്റുള്ളവരും പിന്മാറി.
അതിനിടെ, പ്രജികുമാറിൽ നിന്ന് എം.എസ്. മാത്യു സയനൈഡ് സംഘടിപ്പിച്ചത് 5000 രൂപയും രണ്ടു കുപ്പി മദ്യവും നൽകിയാണെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു. പലർക്കും പ്രജികുമാർ ഇത്തരത്തിൽ സയനൈഡ് കൈമാറിയിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.