കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദ്ധരും ഡോക്ടർമാരും ഉൾപ്പെട്ട ഒൻപതംഗസംഘം എത്തി. ഈ സംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും കൊല്ലപ്പെട്ടവരുടെ ജഡത്തിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കണമോ എന്നു തീരുമാനിക്കുക.
ഇന്നലെ രാവിലെ 10.45 ന് വടകര റൂറൽ എസ്.പി ഓഫീസിലെത്തിയ സംഘം വൈകിട്ട് നാലു മണിയോടെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്ക് തിരിച്ചു.
കൊല്ലപ്പെട്ട റോയ് തോമസിന്റെ പോസ്റ്റ്മോർട്ടത്തിനു പിറകെയുള്ള രാസപരിശോധനയിൽ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. മറ്റു മരണങ്ങളുടെ ഉത്തരവാദിത്വവും ജോളി ഏറ്റെടുത്തിട്ടുണ്ടെങ്കിലും കോടതിയിൽ ശാസ്ത്രീയ തെളിവുകൾ സ്ഥാപിക്കേണ്ടതുണ്ട് പൊലീസിന്.
മനുഷ്യശരീരത്തിൽ സയനൈഡ് കടന്നാൽ അത് എല്ലുകളിലും പല്ലുകളിലും വരെ കാണപ്പെടും. മൃതശരീരത്തിന്റെ ബാക്കിയാകുന്ന മുടിയിഴകളിൽ പോലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവും. എന്നാൽ, ജഡാവശിഷ്ടങ്ങളുടെ കാലപ്പഴക്കം ഇത് കണ്ടെത്താൻ തടസമാവാനുമിടയുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണ്ടെത്താനായാണ് വിദേശത്തേക്ക് ശരീരഭാഗങ്ങൾ അയയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്.
"സാധാരണയായി പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ സാന്നിദ്ധ്യം അനായാസം മനസിലാക്കാൻ കഴിയും. എന്നാൽ കൂടത്തായി കേസിൽ ഒരാളുടേതൊഴികെ മറ്റ് അഞ്ചു പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. ഈ അവസ്ഥയിൽ സയനൈഡ് ഉള്ളിൽ ചെന്നിരുന്നോ എന്നറിയാൻ മറ്റു വഴികൾ പരിശോധിക്കും. എസ്.പി കെ.ജി. സൈമൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിക്കും".
- ദിവ്യ വി. ഗോപിനാഥ്
എസ്.പി, ഇൻഫർമേഷൻ ആൻഡ്
കമ്മ്യൂണിക്കേഷൻസ് ടെക്നോളജി