റിയാദ്: സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ് 100 കോടി റിയാൽ (2,000 കോടി രൂപ) നിക്ഷേപത്തോടെ 11 പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. 2020 അവസാനത്തോടെ തുറക്കുന്ന ഹൈപ്പർ മാർക്കറ്റുകളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
2009ൽ സൗദിയിൽ പ്രവർത്തനം ആരംഭിച്ച ലുലു ഗ്രൂപ്പ്, 170 കോടി ഡോളർ (3,500 കോടി രൂപ) ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. 17 ഹൈപ്പർ മാർക്കറ്റുകൾ, എണ്ണക്കമ്പനിയായ ആരാംകോയുടെ 12 മാർക്കറ്റുകൾ, സൗദി ദേശീയ സുരക്ഷാ വിഭാഗമായ സൗദി നാഷണൽ ഗാർഡിന്റെ പത്തു സൂപ്പർ മാർക്കറ്റുകൾ എന്നിവയുമായി സൗദിയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമാണ് ലുലു ഗ്രൂപ്പ്. നിലവിൽ വനിതകൾ അടക്കം 3,000 സ്വദേശികൾ ലുലുവിൽ ജോലി ചെയ്യുന്നു. 2020 അവസാനത്തോടെ ഇത് 4,000 ആകും.
ഈമാസം അവസാനം റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഗമത്തിൽ സംബന്ധിക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർധവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ വികസന കുതിപ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എം.എ. യൂസഫലി പറഞ്ഞു.
സൗദി തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറിയും സ്വദേശിവത്‌കരണ പദ്ധതി മേധാവിയുമായ എൻജിനിയർ സാദ് അൽ ഗംദിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന സൗദിയിലെ ലുലുവിന്റെ പത്താം വാർഷികാഘോഷത്തിൽ മികച്ച സേവനത്തോടെ ലുലുവിൽ പത്തുവർഷം പൂർത്തിയാക്കിയ പത്തു സൗദി ജീവനക്കാരെ ആദരിച്ചു.
31
സൗദി അറേബ്യ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ഈജിപ്‌ത്, ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലായി 2020 അവസാനത്തോടെ 31 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ലുലു ഗ്രൂപ്പ് തുറക്കും.