മുംബയ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ 50 ശിവസേനാ നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. പാൽഘർ ജില്ലയിലെ ദഹാനു തെഹ്സിലിലെ അംബേസരി, നഗാസരി ഗ്രാമങ്ങളിലെ ആദിവാസി യുവ നേതാക്കളാണു സി.പി.എമ്മിൽ ചേർന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പിക്കും ശിവസേനയ്ക്കും തിരിച്ചടിയാണിത്. ശിവസേന വിട്ട നേതാക്കൾ സി.പി.എം സ്ഥാനാർഥി വിനോദ് നികോലിനു വേണ്ടി ഇനി പ്രവർത്തിക്കും.
സി.പി.എം ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ ദഹാനുവിൽ നിന്നാണ് ശിവസേന നേതാക്കൾ സി.പി.എമ്മിലേക്ക് ചേക്കേറിയത്. ആദിവാസി സംവരണ മണ്ഡലമായ ദഹാനുവിൽ നികോലാണ് ജനവിധി തേടുന്നത്. 1978, 2009 തെരഞ്ഞെടുപ്പുകളിൽ ദഹാനുവിൽ സി.പി.എമ്മാണ് ജയിച്ചു കയറിത്. ശിവസേനയിൽ നിന്ന് എത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ സി.പി.എം വൻ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. എൻ.സി.പി, കോൺഗ്രസ്, ബഹുജൻ വികാസ് അകാലിദൾ തുടങ്ങിയ സംഘടനകൾ വിനോദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.