inflation-

ന്യൂഡൽഹി: ഉപഭോക്തൃ വിപണിയിൽ വിലക്കയറ്റം പിടിമുറുക്കുന്നുവെന്ന സൂചന നൽകി കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 3.99 ശതമാനമായി ഉയർന്നു. കഴിഞ്ഞ 14-മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഗസ്‌റ്റിൽ 3.28 ശതമാനവും കഴിഞ്ഞവർഷം സെപ്‌തംബറിൽ 3.70 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. നാണയപ്പെരുപ്പം നാല് ശതമാനത്തിനുമേൽ എത്തിയാൽ പലിശ കുറയ്‌ക്കൽ ട്രെൻഡ് റിസർവ് ബാങ്ക് ഉപേക്ഷിക്കും. കഴിഞ്ഞ അഞ്ചുതവണ തുടർച്ചയായി റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചത് നാണയപ്പെരുപ്പം മൂന്നു ശതമാനത്തിനടുത്തായി താഴ്‌ന്നുനിൽക്കുന്നത് പരിഗണിച്ചാണ്.

ആഗസ്‌‌‌റ്റിൽ 2.99 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം സെപ്‌തംബറിൽ 5.11 ശതമാനമായി കുതിച്ചുയർന്നുവെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ (എം.ഒ.എസ്.പി.ഐ)​ പുറത്തുവിട്ട റിപ്പോർച്ച് വ്യക്തമാക്കി. അതേസമയം,​ സെപ്‌തംബറിൽ മൊത്തവില നാണയപ്പെരുപ്പം 0.33 ശതമാനമാണ്. ആഗസ്‌റ്റിൽ 1.08 ശതമാനവും 2018 സെപ്‌തംബറിൽ 5.22 ശതമാനവുമായിരുന്നു ഇത്.