കൊച്ചി: പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ)​ നടത്തി,​ ഓഹരി വിപണിയിലേക്ക് ചുവടുവച്ച പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സി ഒന്നാംദിനത്തിൽ നുണഞ്ഞത് 'ഇരട്ടി" മധുരം. ഒക്‌ടോബർ മൂന്നിന് സമാപിച്ച ഐ.പി.ഒയിലൂടെ ഐ.ആർ.സി.ടി.സി 645 കോടി രൂപ സമാഹരിച്ചിരുന്നു.

ഇന്നലെയായിരുന്നു ഓഹരി വിപണിയിൽ ഐ.ആർ.സി.ടി.സിയുടെ കന്നിദിനം. ഐ.പി.ഒയിൽ ഓഹരിയൊന്നിന് വില 320 രൂപയായിരുന്നു. എന്നാൽ,​ ഓഹരി വിപണിയിലെ ആദ്യദിനത്തിൽ തന്നെ വിലയിൽ ഇരട്ടിയിലേറെ വർദ്ധന നേടാൻ ഐ.ആർ.സി.ടി.സിക്ക് കഴിഞ്ഞു. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ,​ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വില 622 രൂപയിലെത്തി. ഒരുവേള 132 ശതമാനം വർദ്ധനയുമായി വില 744 രൂപ വരെയുമെത്തി. വ്യാപാരാന്ത്യം 722 രൂപയിലാണ് മൂല്യമുള്ളത്. വർദ്ധന 129 ശതമാനം.

ഐ.പി.ഒയിലും മികച്ച പ്രതികരമാണ് ഐ.ആർ.സി.ടി.സി നേടിയിരുന്നത്. 2.02 കോടി ഇക്വിറ്റി ഷെയറുകളാണ് (ഓഹരി)​ വില്‌പനയ്ക്ക് വച്ചതെങ്കിലും 72,​000 കോടി രൂപ മതിക്കുന്ന 225 കോടി ഓഹരികൾക്ക് അന്വേഷണമുണ്ടായി.

മൂല്യക്കുതിപ്പ്

 ഐ.പി.ഒയിൽ ഐ.ആർ.സി.ടി.സിയുടെ ഓഹരിവില : ₹320

 ഓഹരി വിപണിയിലെ കന്നി ദിനമായ ഇന്നലെ വില : ₹722