കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സഖറിയയ്ക്കും പങ്കെന്ന് സൂചന.
ഇന്നലെ രാവിലെ ആരംഭിച്ച മാരത്തൺ ചോദ്യം ചെയ്യലിലാണ് ഷാജുവിന്റെയെന്ന പോലെ സഖറിയയുടെയും പങ്ക് അന്വേഷണസംഘത്തിന് ലഭിച്ചത്.
ജോളിയെയും ഷാജു, സഖറിയ എന്നിവരെയും ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്തിരുന്നു. ഷാജുവിനെ ഒരു കേസിൽ പ്രതി ചേർക്കാനും മറ്റൊരു കേസിൽ സാക്ഷിയാക്കാനുമാണ് തീരുമാനം. സഖറിയയും ജോളിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായും പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകങ്ങളിൽ സഖറിയയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരി രഞ്ജി മൊഴി നൽകിയിരുന്നു.
ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം താമരശേരി കോടതിയിൽ അപേക്ഷ നൽകും. പൊലീസിന്റെ നിർദ്ദേശമനുസരിച്ച് റോയി തോമസിന്റെ ഏറ്റവും ഇളയ സഹോദരൻ റോജോ തോമസ് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ റോജോയെ കനത്ത സുരക്ഷയിൽ പൊലീസ് വൈക്കത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. അന്വേഷണസംഘം ഇന്നോ നാളെയോ റോജോയെ വീട്ടിൽ എത്തി ചോദ്യം ചെയ്യും. അതുവരെ മാദ്ധ്യമങ്ങളെ കാണാൻ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ്. റോജോ തോമസാണ് കൊലപാതകങ്ങൾ സംബന്ധിച്ച് ആദ്യം പരാതി നൽകിയിരുന്നത്.
അതിനിടെ, ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ ഒത്താശ ചെയ്യുകയും മറ്റു കാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത ഓമശേരിയിലെ പ്രാദേശിക ലീഗ് നേതാവ് വി.കെ. ഇമ്പിച്ചി മൊയ്തീനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വം പുറത്താക്കി.