കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയയെയും അന്വേഷണസംഘം ഇന്നലെ 12 മണിക്കൂറോളം ചോദ്യം ചെയ്തു. മൂന്നാം തവണയാണ് അന്വേഷണസംഘം ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ടരയോടെയാണ് അവസാനിച്ചത്. അടുത്ത ദിവസം വരാൻ പറഞ്ഞിട്ടുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മറ്റു ചോദ്യങ്ങൾക്കൊന്നും ഷാജു പ്രതികരിച്ചില്ല.
എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജുവും പിതാവും രാവിലെ 7.55ന് വടകര എസ്.പി ഓഫീസിലെത്തി. കുറച്ച് നേരം പത്രം വായിച്ചിരുന്നു. വൈകാതെ അന്വേഷണോദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. 10.20 ന് ജോളിയെയും 12.50 ന് രണ്ടാം പ്രതി മാത്യുവിനെയും വൈകിട്ട് 3.05 ന് മൂന്നാം പ്രതി പ്രജികുമാറിനെയും എസ്.പി ഓഫീസിലേക്ക് എത്തിച്ചു. ഏറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം വൈകിട്ട് 6.45ന് ജോളിയെ തിരിച്ച് വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചോദ്യം ചെയ്യൽ ഇന്ന് നിറുത്തിയെന്നേയുള്ളൂ എന്ന് എസ്.പി കെ.ജി. സൈമൺ പറഞ്ഞു. റോയി തോമസിന്റെ സഹോദരൻ റോജോയിൽ നിന്ന് ഇന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.