തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി നടക്കുന്നവരും തിരക്കിന്റെ പേരിൽ അപകടകരമായ രീതിയിൽ ട്രാക്ക് മറികടക്കുന്നവരും സെൽഫി പ്രേമികളും സൂക്ഷിച്ചോ, പഴയപോലെയല്ല കാര്യങ്ങൾ. നിയമം തെറ്റിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ചുകഴിഞ്ഞു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്). നിയമ ലംഘനത്തിന്റെ കാഠിന്യമനുസരിച്ച് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്രമാണ് അശ്രദ്ധമായ റെയിൽവേ ട്രാക്ക് ക്രോസിംഗ്.
റെയിൽവേ ട്രാക്കുകളിലെ ആക്സിഡന്റ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ 'ജീവൻ അമൂല്യമാണ്" എന്ന പേരിൽ ഒരു ബോധവത്കരണ പരിപാടി ആർ.പി.എഫിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരുന്നു. ആഗസ്റ്റിൽ ആരംഭിച്ച പദ്ധതിയിൽ അശ്രദ്ധമായി റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിന്റെയും ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെയും അപകടത്തെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിച്ചിരുന്നു. അതിന് ശേഷമാണ് നിയമം തെറ്റിക്കുന്നവർക്കെതിരെ കേസെടുത്ത് തുടങ്ങിയത്. നിയമം തെറ്രിച്ച് അപകടം വരുത്തി വയ്ക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
ട്രെയിൻ വരുമ്പോൾ ഓഫ്സൈഡിൽ കയറിയിറങ്ങുക, ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുക, ഫൂട്ട് ഓവർബ്രിഡ്ജ് ഉണ്ടായിട്ടും ട്രാക്ക് ക്രോസ് ചെയ്യുന്നത്, നീങ്ങിത്തുടങ്ങിയ വണ്ടിയിൽ ഓടിക്കയറുന്നതും ഇറങ്ങുന്നതും, സിഗ്നലുകൾ പാലിക്കാതെ ട്രാക്ക് മറികടക്കുക, ട്രാക്കിനരികിൽ നിന്ന് സെൽഫി എടുക്കുക തുടങ്ങിയ തെറ്റായ ശീലങ്ങളിലാണ് ബോധവത്കരണം നൽകിയത്.
കൈപ്പുസ്തകങ്ങൾ വിതരണം ചെയ്തും സ്റ്രേഷനുകളും എഫ്.എം സ്റ്റേഷനുകളും മാദ്ധ്യമങ്ങളും വഴി അനൗൺസ് ചെയ്തുമൊക്കെയായിരുന്നു പദ്ധതി നടപ്പാക്കിയത്. അപകടത്തിൽ പെടുന്നവരിൽ വലിയൊരു വിഭാഗവും വിദ്യാർത്ഥികളായതിനാൽ സ്കൂളുകളിലും കോളേജുകളിലും ഇത് സംബന്ധിച്ച് ക്ലാസുകളും ആർ.പി.എഫിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
രജിസ്റ്റർ ചെയ്തത് 152 കേസ്, അറസ്റ്റ് 10
ഒരു മാസത്തെ ബോധവത്കരണ പരിപാടികൾക്ക് ശേഷം സെപ്തംബർ 18 മുതൽ അലക്ഷ്യമായി റെയിൽവേ ട്രാക്ക് മറികടക്കുന്നതിനും സുരക്ഷിതമല്ലാത്ത രീതിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനുമെതിരെ ആർ.പി.എഫ് നടപടിയെടുത്ത് തുടങ്ങി. സെപ്തംബർ 18 മുതൽ ഒക്ടോബർ 3 വരെയുള്ള കണക്കനുസരിച്ച് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആറും കൊച്ചുവേളിയിൽ നാലും അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലായി ഈ രണ്ടാഴ്ച കാലയളവിൽ 152 കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേ ആക്ട് 147 പ്രകാരം അനുവാദമില്ലാതെയോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ കൂടെയില്ലാതെയോ റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തോ റെയിൽവേ ഉടമസ്ഥതയിലുള്ള വസ്തുവിലോ അതിക്രമിച്ച് കയറുന്നതിന് തുല്യമായ ശിക്ഷയാണ് ഇവിടെയും ബാധകമാകുന്നത്. ആറ് മാസം വരെ തടവും ആയിരം രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷയായി ലഭിക്കുക.
സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികൾ
ട്രാക്കുകളിലെ ആക്സിഡന്റുകളുടെ എണ്ണം കുറയ്ക്കാനായി പുതിയ പദ്ധതികളും ആർ.പി.എഫ് നിർദ്ദേശിച്ചിട്ടുണ്ട്. അതിക്രമിച്ച് കയറുന്നതും അനുവദനീയമല്ലാത്ത വഴികളിലൂടെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നത് തടയാനും സുരക്ഷാ മതിലുകളൊരുക്കുകയാണ് ഇതിലൊന്ന്.
സ്ത്രീകൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് അപകടങ്ങൾ കൂടി. ഹെഡ്ഫോൺ ഉപയോഗിച്ച് ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടയിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം ട്രാക്കുകളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനയാണുള്ളത്. - ശിവദാസ് (അസി. സെക്യൂരിറ്റി കമ്മിഷണർ ഒഫ് റെയിൽവേ)