തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ സബ് കളക്ടർ, ആർ.ഡി.ഒ പദവി ഇനി ചരിത്രത്തിന്റെ ഭാഗം. കാഴ്ചയില്ലായ്മയുടെ പരിമിതിയെ തോല്പിച്ച് ജീവിതത്തിലും സിവിൽ സർവീസിലും വിജയം പിടിച്ച പ്രഞ്ജാ പാട്ടീൽ ഇനി ജില്ലയുടെ ആർ.ഡി.ഒയും സബ് കളക്ടറുമാകും. കാഴ്ചയില്ലെങ്കിലും ഇൗ ലോകത്തെയും ജനങ്ങളെയും അറിയാമെന്ന് തെളിയിച്ചാണ് പ്രഞ്ജാൽ ഇന്നലെ കളക്ടറേറ്റിലേക്കെത്തിയത്. നഗരത്തിന്റെ ക്രമസമാധാനത്തിലും സാമൂഹ്യസുരക്ഷിത്വത്തിലും ഇനി പ്രഞ്ജാലിന്റെ ഉൾക്കണ്ണിന്റെ കാവലുണ്ടാകും.
ഇളംനീല ചുരിദാറും കമ്മീസും ധരിച്ച് കൈയിൽ വൈറ്റ് കെയ്ൻ സ്റ്റിക്കും ലാപ്ടോപ്പുമായി സഹായികൾക്കൊപ്പമാണ് രാവിലെ 11 മണിയോടെ കളക്ടറേറ്റിന്റെ പടികടന്നത്തെത്തിയത്. ഉച്ചയോടെ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും പിന്നീട് സമയം മാറ്റി. രാവിലെ പത്തരയാക്കി. കവാടത്തിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സബ് കളക്ടറെ സ്വീകരിച്ചത്. രാജ്യത്ത് ആദ്യമായി കാഴ്ചപരിമിതിയുള്ള ഒരു സബ് കളക്ടർ തങ്ങൾക്കൊപ്പം എത്തുന്നതിന്റെ ആവേശത്തിലായിരുന്നു ജില്ലാ ഭരണകൂടം. ഒന്നാം നിലയിലെ സബ് കളക്ടറുടെ കാബിനിലേക്ക് അസി. കളക്ടർ അനുകുമാരിയുടെ സഹായത്തോടെയാണ് പ്രഞ്ജാൽ നടന്നെത്തിയത്. കളക്ടർ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. മുറിയിൽ പൂക്കളും മധുരവും നൽകിയാണ് സഹപ്രവർത്തകർ പുതിയ സബ് കളക്ടറെ എതിരേറ്റത്.
സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയും മുൻ കളക്ടറുമായ ബിജു പ്രഭാകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും അനുമോദിക്കാനെത്തിയിരുന്നു. പ്രഞ്ജാലിനെ ഓഫീസ് കാര്യങ്ങളിൽ സഹായിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ നിയമിച്ചേക്കും. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിനിയായ പ്രഞ്ജാൽ കഴിഞ്ഞ വർഷം എറണാകുളം അസി. കളക്ടറായാണ് സിവിൽ സർവീസിൽ ജോലി തുടങ്ങിയത്. അവരുടെ രണ്ടാമത്തെ പോസ്റ്റിംഗാണ് തിരുവനന്തപുരത്തേത്. നേരിട്ട് ഫയൽ നോക്കുന്നതിന് പകരം ഒാൺലൈനായുള്ള നടപടികൾക്കാണ് പുതിയ സബ് കളക്ടർ മുൻഗണന നൽകുക. വരുദിവസങ്ങളിൽ കൂടുതൽ സഹായികളെ നിയോഗിക്കുമെന്ന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പറഞ്ഞു.