തിരുവനന്തപുരം: കവികൾക്ക് മഴയെ കുറിച്ച് എങ്ങനെയും പാടാം, വർണിക്കാം. പക്ഷേ രാഷ്ട്രീയക്കാർക്ക് അത് അങ്ങനെയല്ല. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളുടെ പിരിമുറുക്കത്തിൽ നട്ടം തിരിയുന്ന മണ്ഡലങ്ങളിൽ. പ്രചാരണം കൈമാക്സിലേക്ക് ക്ലാപ്പടിക്കുമ്പോൾ വില്ലനായി ഇപ്പുറം തുലാമഴയുണ്ട്. തോരാമഴ എപ്പോൾ എവിടെ എങ്ങനെ പെയ്തിറങ്ങുന്നതെന്ന് പറയാൻ പറ്റാത്ത അവസ്ഥ.
അതിനിടെ രണ്ടു ദിവസത്തിനകം മഴ ശക്തമാകുമെന്നും ഉച്ചയ്ക്കു ശേഷം ഇടിമിന്നലുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനവുമെത്തി. ഇതോടെ വോട്ടു പിടിക്കാൻ കുടപിടിച്ചിറങ്ങാനൊക്കെ സ്ഥാനാർത്ഥികളും പ്രവർത്തകരും തയ്യാറാണ്. വോട്ടെടുപ്പ് നടക്കുന്ന 21ന് മഴ ചതിച്ചാൽ മുന്നണികളുടെ വോട്ട് ഒഴുകിപ്പോകുമെന്നുറപ്പ്. ചെറുമഴയത്ത് പോലും എങ്ങനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാം എന്നാണ് നഗരത്തിലുള്ളവരുടെ പൊതു ചിന്ത. കുടയും പിടിച്ച് പോളിംഗ് ബൂത്തുകളിൽ ക്യൂ നിൽക്കാൻ പുതിയ തലമുറയ്ക്കും മടിയാണ്.
മുന്നണികൾ വാശിയോടെ പ്രചാരണം കൊഴുപ്പിക്കുമ്പോഴും വട്ടിയൂർക്കാവിലെ സാധാരണക്കാരെ അത് ആവേശഭരിതരാക്കുന്നില്ല. ഉപതിരഞ്ഞെടുപ്പിനോട് പൊതുവെയുള്ള തണുപ്പൻ മട്ട് തന്നെ കാരണം. അതിനിടെയാണ് മുന്നണികളെ ആശങ്കയിലാക്കി മഴ കോരിച്ചൊരിയുന്നത്. സ്ഥാനാർത്ഥികൾ വാഹന പ്രചാരണം ഉഷാറാക്കിയതോടെ നേതാക്കളും സജീവമായി രംഗത്തിറങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മണ്ഡലത്തിലെ മൂന്നു സ്ഥലങ്ങളിൽ പ്രസംഗിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിനായി ഞായറാഴ്ച എ.കെ. ആന്റണി പ്രചാരണം നടത്തി. നേരത്തേ ഉമ്മൻചാണ്ടിയും എത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിനു വേണ്ടി കുമ്മനം രാജശേഖരനും സുരേഷ്ഗോപിയും സജീവമാണ്.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെല്ലാം പാർട്ടി പ്രവർത്തകർ മത്സരിച്ചാണ് സ്ക്വാഡ് പ്രവർത്തനം നടത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു സ്ക്വാഡ് പ്രവർത്തനം കൂടുതൽ ഉഷാർ. അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ കാണാനാണ് ഈ ഉഷാർ. വാഹനപര്യടനങ്ങൾ പൂർത്തിയാകുന്നതോടെ പ്രവർത്തകരുടെ വൻ സംഘം പ്രചാരണത്തിനായി രംഗത്തിറങ്ങും.
അടിയൊഴുക്കു വരുമോ അണ്ണാ?
മണ്ഡലത്തിലെ രാഷ്ട്രീയതത്പരർ സംസാരിക്കുമ്പോൾ ഇടയ്ക്കിടെ കടന്നുകൂടുന്ന വാക്കാണ് അടിയൊഴുക്ക്. മത്സരിക്കുന്ന മൂന്നു പേരുടെയും അനുഭാവികളും സ്ഥാനത്തും അസ്ഥാനത്തുമൊക്കെ 'അടിയൊഴുക്ക്" പ്രയോഗിക്കുന്നുണ്ട്. എൻ.എസ്.എസിന്റെ ശരിദൂരം, മേയർ ബ്രോയുടെ ഇമേജ്, ബി.ജെ.പിയുടെ ഹൈടെക് പ്രചാരണം തുടങ്ങിയവയൊക്കെ എങ്ങനെ ഫലം കാണുമെന്ന് കാത്തിരുന്ന് കാണണം. എങ്കിലും അടിയൊഴുക്കുകളുടെ അങ്കലാപ്പിലാണ് മുന്നണികൾ. പരസ്യമായ രാഷ്ട്രീയ മത്സരത്തിനപ്പുറം രഹസ്യമായ 'വർക്കുകൾ" നടക്കുന്നുണ്ടെന്നാണ് സംസാരം. ആ 'വർക്കി"നുള്ള റിസൾട്ടാകും 23ലേത്.