തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് പുറത്തുവന്നതോടെ വിശ്വസ്തതയുടെ പര്യായമായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കണ്ടിരുന്ന പട്ടത്തെ പി.എസ്.സി ആസ്ഥാനം ഇപ്പോൾ സമരകേന്ദ്രമായി മാറിയിരിക്കുകയാണ്. വെരിഫിക്കേഷനും അഡ്വൈസ് മെമ്മോ വാങ്ങാനും മറ്റുമായി എത്തുന്നവരെക്കാൾ ഇപ്പോൾ ഇവിടെ എത്തുന്നത് സമരക്കാരാണ്. ഈ നില തുടരുകയാണെങ്കിൽ വൈകാതെ തന്നെ പി.എസ്.സി ആസ്ഥാനം സെക്രട്ടേറിയറ്റും കേരള യൂണിവേഴ്സിറ്റിയും പോലെ സമരപരമ്പരയുടെ കേന്ദ്രബിന്ദുവായി മാറും.
വിദ്യാർത്ഥി, യുവജന സംഘടനകളും കോൺഗ്രസ്, ബി.ജെ.പി രാഷ്ട്രീയ സംഘടനകളും പി.എസ്.സിയെ സമരവേദിയാക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2010 ലാണ് പി.എസ്.സി ആദ്യമായി സമരങ്ങൾക്ക് വേദിയായത്. അതിന് മുമ്പ് റാങ്ക് പട്ടികയിൽ പെട്ടവരുടെ ചെറിയ പ്രതിഷേധങ്ങൾ മാത്രമാണ് പി.എസ്.സി ഓഫീസ് പടിക്കൽ അരങ്ങേറിയിരുന്നത്. പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോ ഉപയോഗപ്പെടുത്തി വയനാട്ടിൽ റവന്യൂ വകുപ്പിൽ എട്ട് പേർക്ക് വില്ലേജ് അസിസ്റ്റന്റ്, എൽ.ഡി ക്ലാർക്ക് തസ്തികകളിൽ നിയമനം നൽകി തട്ടിപ്പ് നടത്തിയ സംഭവം വിവാദമായതോടെയാണ് പി.എസ്.സി ആദ്യമായി പ്രത്യക്ഷ സമരകേന്ദ്രമായി മാറിയത്. അതോടെ പ്രതീക്ഷയുടെ പര്യായമായി നിലകൊണ്ട പി.എസ്.സിക്ക് മുന്നിൽ സമരകാഹളത്തിന് തിരശീല ഉയരുകയായിരുന്നു. വിദ്യാർത്ഥി യുവജന സംഘടനകളായിരുന്നു പി.എസ്.സിയെ സമരത്തിന്റെ വേലിപ്പുറത്ത് നിറുത്തിയത്. ഇപ്പോൾ നിയമനതട്ടിപ്പെന്ന് കേട്ടാൽ യുവജന സംഘടനകൾ കൊടിയും വടിയുമെടുത്ത് ഓടുന്നത് പി.എസ്.സി ഒാഫീസിന് മുന്നിലേക്കാണ്.
അടുത്തിടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായിരുന്നവർ സ്വന്തം പ്രവർത്തകനെ കുത്തിവീഴ്ത്തിയ സംഭവത്തെ തുടർന്നാണ് യുവജന സംഘടനകളുടെ സമരകേന്ദ്രമായി പി.എസ്.സി വീണ്ടും മാറിത്തുടങ്ങിയത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെയുള്ളവർ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് അടക്കം നേടിയത് ക്രമക്കേട് കാണിച്ചാണെന്ന് തെളിഞ്ഞതോടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയതിനൊപ്പം സമരക്കാരുടെ ഇഷ്ടവേദിയായും പി.എസ്.സി മാറുകയായിരുന്നു.
തലസ്ഥാനത്തെ പ്രധാന സമരകേന്ദ്രമായ സെക്രട്ടേറിയറ്റിനും വിദ്യാർത്ഥി സംഘടനകളുടെ ഇഷ്ടസമരകേന്ദ്രമായ യൂണിവേഴ്സിറ്റി ആസ്ഥാനത്തും ഉണ്ടാകുന്നത് പോലെയുള്ള സമരങ്ങളാണ് ഇപ്പോൾ പി.എസ്.സി ഓഫീസിന് മുന്നിലും നടക്കുന്നത്. കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ ക്രമക്കേടിനെ തുടർന്ന് ആഗസ്റ്റിൽ പി.എസ്.സിക്ക് മുമ്പിൽ ജില്ലാകോൺഗ്രസ് കമ്മിറ്റി നടത്തിയ സമരത്തിനിടെ പ്രവർത്തകർ ഗേറ്റിലേക്ക് ചാടിക്കയറി ആസ്ഥാനത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. മറ്റ് രാഷ്ട്രീയപാർട്ടികളുടെയും സമരങ്ങൾ അക്രമത്തിലാണ് കലാശിച്ചത്. കഴിഞ്ഞ ദിവസം സിവിൽ പൊലീസ് ഒാഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. പ്രവർത്തന സമയങ്ങളിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഈ പ്രതിഷേധ സമരങ്ങൾ കൂടാതെ റാങ്ക് പട്ടികയിൽപെട്ടവർ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിക്ക് മുന്നിൽ നടത്തുന്ന സമരങ്ങളും തലവേദന സൃഷ്ടിക്കുന്നു. ഇപ്പോൾ ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ലിസ്റ്റിൽ തിരിമറി നടന്നെന്ന വിവരം പുറത്തുവന്നതോടെ വരും ദിവസങ്ങളിലും പി.എസ്.സി ആസ്ഥാനം സമരച്ചൂടിലമരും.