തിരുവനന്തപുരം : ഉദ്യോഗസ്ഥരുടെ കുറവ് കാരണം ഫോർട്ട് സോണൽ ഓഫീസിലെ വിവിധ സെക്ഷനുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി പരാതി. എൻജിനിയറിംഗ്, റവന്യു വിഭാഗങ്ങളിലായി നിരവധിപേരാണ് ദിവസേന ഇവിടെ കയറി ഇറങ്ങുന്നത്.
ഏകദിന പെർമിറ്റ്, ടി.സി നമ്പരിനുള്ള അപേക്ഷ, ടാർ കട്ടിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. മണക്കാട്, കളിപ്പാൻകുളം, കമലേശ്വരം, അമ്പലത്തറ, മുട്ടത്തറ എന്നീ വാർഡുകളിലായി ഏകദിന പെർമിറ്റിനുള്ള 67 ഫയലുകളാണ് കഴിഞ്ഞ ഒരുമാസമായി കെട്ടിക്കിടക്കുന്നത്. എൻജിനിയറിംഗ് വിഭാഗത്തിൽ സെക്ഷൻ ക്ലാർക്ക് ഒരുമാസമായി കസേരയിലില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ വിഭാഗത്തിലെ ക്ലാർക്കിനെ നേമത്തേക്ക് കഴിഞ്ഞമാസം സ്ഥലംമാറ്രിയെങ്കിലും പുതിയ ക്ലാർക്കിനെ നിയമിച്ചിട്ടില്ല. മറ്റാർക്കും സെക്ഷന്റെ ചുമതല കൈമാറിയിട്ടുമില്ല.
സോണലിലെ എൻജിനിയറിംഗ് വിഭാഗം സൂപ്രണ്ടും ഒരു മാസമായി ഇല്ല. റവന്യൂ വിഭാഗം സൂപ്രണ്ടിന് പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇരുവിഭാഗങ്ങളും ഒരു ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കമലേശ്വരം, അമ്പലത്തറ, മുട്ടത്തറ വാർഡുകളിലെ റവന്യൂ ഫയലുകൾ തീർപ്പാക്കേണ്ട സെക്ഷൻ ക്ലാർക്കും രണ്ട് മാസമായി ഇല്ല.
ശംഖുംമുഖം, വെട്ടുകാട്, വേളി എന്നീ വാർഡുകളുടെ എൻജിനിയറിംഗ് വിഭാഗം ഫോർട്ടു സോണലിലും റവന്യൂ വിഭാഗം നഗരസഭാ മെയിൻ ഓഫീസിലുമാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി പിന്തുടരുന്ന ഈ രീതി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. റവന്യൂ വിഭാഗത്തിലെ ക്ലാർക്ക് ആറുമാസമായി ഇല്ലാതായതോടെ ദുരിതം ഇരട്ടിയായി.
സാഹചര്യം മുതലാക്കി ഇടനിലക്കാർ
ഇടനിലക്കാരുടെ കണക്കു പറഞ്ഞുള്ള ലേലം വിളിക്ക് പേരുകേട്ട സ്ഥലമാണ് ഫോർട്ട് സോണൽ. ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഇടനിലക്കാർക്ക് പൂർണമായി മൂക്കുകയറിടാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥ ക്ഷാമം കൂടി ഉണ്ടായതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഏതുവിധേനയും കാര്യം നടന്നാൽ മതിയെന്ന നിലയിലാണ് ജനങ്ങൾ ഇവിടെ കയറി ഇറങ്ങുന്നത്. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ അനന്തമായി നീളുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കാമെന്ന പേരിൽ ജനങ്ങളെ ഇടനിലക്കാർ സമീപിക്കുന്നുണ്ടെന്നാണ് വിവരം.
ആറുമാസത്തിൽ കൂടുതൽ അസിസ്റ്രന്റ് എൻജിനിയർമാരെയോ, എക്സിക്യൂട്ടിവ് എൻജിനിയർമാരെയോ ഫോർട്ട് സോണലിൽ ഇരുത്താറില്ല. പല സെക്ഷനിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇടനിലക്കാർ വിചാരിക്കുന്നതു പോലെ കാര്യങ്ങൾ നടക്കും. അധികൃതർ കണ്ണടച്ചിരിക്കുകയാണ്. ഗിരി ( കമലേശ്വരം വാർഡ് കൗൺസിലർ)