മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് പരിഗണിക്കുന്നത് 2021 ജൂൺ ഒമ്പതിലേക്ക് നീട്ടി. കേസിൽ ഡി.എൻ.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ലാബിൽ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാൽ ഡി.എൻ.എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ജൂലായ് 29നായിരുന്നു ബിനോയ് ഡിഎൻഎയ്ക്ക് വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്റ്റാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നൽകിയ ഹർജി ഇന്ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.ബിനോയ് വിവാഹവാഗ്‌ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും, ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും 33 കാരിയായ യുവതിയുടെ പരാതിയിലുണ്ട്. മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് പരാതിക്കാരി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്‌റ്റിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു.
2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.