pak

പാരിസ്: ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്‌മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഡാർക്ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. എഫ്.എ.ടി.എഫ് നിർദ്ദേശിച്ച ഭീകരവിരുദ്ധ നടപടികൾ സമയബദ്ധിതമായി നടപ്പാക്കുന്നതിൽ പാകിസ്ഥാൻ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സംഘടന നീങ്ങുന്നത്. ഭീകരർക്ക് ധനസഹായം നൽകുന്നതിന് എഫ്.എ.ടി.എഫ് 2018 ജൂണിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയിരുന്നു. തുടർന്ന് ഭീകരർക്ക് സാമ്പത്തിക സഹായം തടയാൻ 27 ഇന ആക്‌ഷൻ പ്ലാൻ നിർദ്ദേശിച്ചു. ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.


ഡാർക്ക്ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ഈ മാസം 18ന് സ്വീകരിക്കുമെന്നാണ് സൂചന. പാകിസ്ഥാന് നൽകുന്ന അവസാന മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഡാർക്ഗ്രേ ലിസ്റ്റിൾ ഉൾപ്പെടുത്തുന്നത്. ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരു അവസരം കൂടി എഫ്.എ.ടി.എഫ് പാകിസ്ഥാന് നൽകും. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ പതറി നിൽക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്.

കഴിഞ്ഞ ആഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്‌ഷൻ പ്ലാനിലെ 27 നിർദ്ദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ടാസ്‌ക് ഫോഴ്സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളിൽ 30എണ്ണവും പാകിസ്ഥാൻ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂർണമായി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ, പാകിസ്ഥാന്റെ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മിഷൻ എന്നിവയ്‌ക്ക് ഭീകരർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നുമാണ് അന്താരാഷ്ട്ര കൂട്ടായ്‌മ വിലയിരുത്തുന്നത്. ഭീകരരുടെ സാമ്പത്തിക സ്രോതസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.