red-162

ബലഭദ്രൻ കയറിയ കാർ കരുളായി പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ പാഞ്ഞുപോയി.

ഇടയ്ക്കു ഡ്രൈവർ പിന്നിലേക്കു തിരിഞ്ഞു.

''സാർ... നമ്മൾ എവിടേക്കാ?"

'' ആദ്യം നിലമ്പൂർ മഹിമാ ഫ്ളവർ മാർട്ടിലേക്ക്. അവിടെ നിന്നു റീത്തും വാങ്ങി എം.എൽ.എ കിടാവിന്റെ വസതിയിലേക്ക്."

ഡ്രൈവർ ആക്സിലറേറ്ററിൽ ഒന്നുകൂടി കാൽ ആഞ്ഞമർത്തി.

മഹിമാ ഫ്ളവർമാർട്ട്.

കാർ അതിനു മുന്നിൽ ബ്രേക്കിട്ടു. ബലഭദ്രൻ രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് ഡ്രൈവറെ ഏൽപ്പിച്ചു.

അതുമായി അയാൾ കാറിൽ നിന്നിറങ്ങി.

റീത്ത് തയ്യാറാക്കി വച്ചിരുന്നു. ചുവന്ന റോസാപ്പൂക്കൾ കൊണ്ടുണ്ടാക്കിയ വലിയ റീത്ത്. അതിനു മുകളിൽ സ്വർണലിപികളിൽ പേരെഴുതിയിരുന്നു.

ബലഭദ്രൻ.

ഡ്രൈവർ അത് ഡിക്കിയിൽ വച്ചു.

വീണ്ടും യാത്ര.

ജനനിബിഡമായിരുന്നു എം.എൽ.എ ശ്രീനിവാസകിടാവിന്റെ വീടും പരിസരവും.

നാട്ടിലെ വമ്പന്മാർ... ബിസിനസ്സുകാരും രാഷ്ട്രീയക്കാരും... ചില മന്ത്രിമാർ അടക്കം.

കാർ അല്പം അകലെയേ ഇടുവാൻ സാധിച്ചുള്ളു.

ബലഭദ്രൻ ഇറങ്ങിയിട്ട് ജൂബ്ബയുടെ കൈകൾ അല്പം കൂടി തെറുത്തു കയറ്റിവച്ചു. ശേഷം ഡ്രൈവറോടു നിർദ്ദേശിച്ചു.

''റീത്ത് കൊണ്ടുവാ..."

അയാൾ മുന്നിൽ നടന്നു. റീത്തുമായി ഡ്രൈവർ പിന്നാലെ നീങ്ങി.

ബലഭദ്രനെ കണ്ട് ആളുകൾ ബഹുമാനത്തോടെ വഴിയൊഴിഞ്ഞു.

മൊബൈൽ മോർച്ചറിക്കുള്ളിൽ കിടക്കുന്ന മകന്റെ അരികിൽ കസേരയിലുണ്ടായിരുന്നു ശ്രീനിവാസ കിടാവും അനുജൻ ശേഖരകിടാവും.

പിന്നെ ചില മന്ത്രിമാരും എം.എൽ.എമാരും.

പൊടുന്നനെ അവിടെയൊരു നിശ്ശബ്ദതയുണ്ടാകുകയും ആളുകൾ ഇരുവശത്തേക്കും മാറുകയും ചെയ്യുന്നതു കണ്ട് അവർ അങ്ങോട്ടു ശ്രദ്ധിച്ചു.

ഡ്രൈവറുടെ കയ്യിൽ നിന്നു റീത്തും വാങ്ങി നടന്നു വരുന്നു ബലഭദ്രൻ...

''തമ്പുരാൻ..." ആരോ പറയുന്നത് കിടാവു കേട്ടു.

അയാളും അനുജനും വിളറിപ്പോയി.

പന്തലിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു സി.ഐ അലിയാർ. അയാളുടെ മുഖത്തൊരു ഗൂഢ മന്ദസ്മിതം മൊട്ടിട്ടു.

മന്ത്രിമാർ അടക്കമുള്ളവർ പെട്ടെന്ന് എഴുന്നേറ്റു. ശേഖരകിടാവും എഴുന്നേൽക്കാൻ ഭാവിച്ചതാണ്. പക്ഷേ ശ്രീനിവാസ കിടാവ് പിടിച്ചിരുത്തി.

എല്ലാവരെയും ഒന്നു നോക്കി ബലഭദ്രൻ. അവസാനം ആ കണ്ണുകൾ മൊബൈൽ മോർച്ചറിക്കുള്ളിൽ കിടക്കുന്ന സുരേഷിന്റെ വിളറിയ മുഖത്തു ചെന്നു തറച്ചു.

അവിടെ നിന്നു ദൃഷ്ടികൾ മാറ്റാതെ ബലഭദ്രൻ ഗ്ളാസ് മൂടിക്കു മുകളിൽ റീത്തുവച്ചു. പിന്നെ ഒരു നിമിഷം കൈകൾ കൂപ്പി കണ്ണടച്ചുനിന്നു.

കിടാക്കന്മാർക്ക് ആകെ പെരുത്തു കയറി. ബലഭദ്രൻ പകവീട്ടാൻ വന്നതാണെന്ന് അവർക്കറിയാം. അനന്തഭദ്രന്റെ മരണത്തിനു പകരം!

ചില മന്ത്രിമാർ ബലഭദ്രന്റെ കരം കവർന്നു. ഏതാനും വാക്കുകളിൽ കുശലാന്വേഷണം.

''ഇരിക്കുന്നില്ലേ?"

ഒരാൾ തിരക്കി.

''ഇല്ല." അയാൾ കിടാക്കന്മാരെ ഒന്നുകൂടി നോക്കി. ''മരണം! അത് ആർക്കും ഏതുനേരത്തും സംഭവിക്കാം. അതുകൊണ്ടുതന്നെ അന്ത്യകർമ്മങ്ങൾക്കു ഞാൻ ഇരിക്കാറില്ല. മാത്രമല്ല അത്തരം ചടങ്ങുകൾ ഒരുതരം പരിഹാസത്തോടെയേ എനിക്ക് കാണുവാൻ കഴിയൂ."

അത്രയും പറഞ്ഞിട്ട് ബലഭദ്രൻ തിരിഞ്ഞു.

മകന്റെ മൃതശരീരത്തിനു മുന്നിൽ വച്ചു പോലും ശ്രീനിവാസ കിടാവ് കടപ്പല്ലു ഞെരിച്ചു.

ഒരു മഹാമേരു കണക്കെ ബലഭദ്രൻ മടങ്ങി...

അയാൾ കാറിൽ കയറാൻ നേരം ഒരാൾ അടുത്തു ചെന്നു.

സി.ഐ അലിയാർ.

ഇരുവരും അല്പനേരം ശബ്ദം താഴ്‌ത്തി സംസാരിച്ചു.

*****

നാടുകാണി.

ചുരത്തിലൂടെ വാഹനങ്ങൾ ആയാസപ്പെട്ടു മുകളിലേക്കു പോകുകയും ആശ്വാസത്തോടെ എന്നവണ്ണം താഴേക്കു വരികയും ചെയ്തുകൊണ്ടിരുന്നു.

പെട്ടെന്ന് എടുത്തുചാടുംപോലെ ഒരു ജീപ്പ് മുളങ്കാടുകൾക്ക് ഇടയിലെ കാട്ടുപാതയിൽ നിന്നു റോഡിലേക്കു വന്നു. ശേഷം വെട്ടിത്തിരിഞ്ഞു കയറ്റം കയറുവാൻ തുടങ്ങി.

പരുന്ത് റഷീദും ഡ്രൈവറുമായിരുന്നു ജീപ്പിൽ.

''ഹോ... ഇപ്പഴാ ആശ്വാസമായത്." പിന്നിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കിയിട്ട് പരുന്ത് മന്ത്രിച്ചു.

''ആ ആന നമുക്ക് പിന്നാലെ കുറേ ദൂരം വന്നു. റിയർവ്യൂ മിററിലൂടെ ഞാനതു കണ്ടു."

ഡ്രൈവറും പറഞ്ഞു.

''പക്ഷേ ചന്ദ്രകലയും പ്രജീഷും... അവരെങ്ങനെ രക്ഷപെട്ടെന്നു മനസ്സിലാകുന്നില്ല. ഇനി കിടാവു സാറിനോട് എന്തു പറയും?"

അക്കാര്യത്തിലാണ് പരുന്തിന് ഉത്ക്കണ്ഠ.

ഡ്രൈവർ അതിനു മറുപടി നൽകിയില്ല...

അര മണിക്കൂർ കഴിഞ്ഞു. വിയർത്തൊലിച്ച് പാരവശ്യത്തോടെ, ജീപ്പ് റോഡിലേക്കെത്തിയ ഭാഗത്തു കൂടിത്തന്നെ ചന്ദ്രകലയും പ്രജീഷും റോഡിലെത്തി.

അവരുടെ പണവും മൊബൈലും എല്ലാം അടങ്ങിയ ബാഗ് പരുന്ത് തട്ടിയെടുത്തിരുന്നു.

പൊടുന്നനെ... ഇറക്കമിറങ്ങി വന്ന ഒരു സുമോ ജീപ്പ് അവർക്കരുകിൽ ബ്രേക്കിട്ടു.

(തുടരും)