ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി. അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എ.ടി.എമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.
എന്നാൽ ഇന്ത്യയിൽ പ്രിന്റ് ചെയ്യുന്ന അതേ ഗുണമേന്മയിലുള്ള നോട്ടുകൾ പാകിസ്ഥാനിൽ പ്രിന്റ് ചെയ്യുന്നതായ റിപ്പോർട്ടാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽസെൽ കണ്ടെത്തിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ട്. കറാച്ചിയിലെ മാലിർ ഹാൾട്ടിൽ സ്ഥിതിചെയ്യുന്ന പ്രസിലാണ് നോട്ടുകൾ പ്രിന്റ് ചെയ്യുന്നത്. ഇന്ത്യൻ കറൻസി കൂടാതെ ബംഗ്ലാദേശ് കറൻസിയും പാകിസ്ഥാൻ അച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിംഗ് ഫീച്ചറുകൾ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കുറ്റവാളികളുടെ സിൻഡിക്കേറ്റുകൾ കൈവശപ്പെടുത്തി എന്നതായിരുന്നു ഡൽഹി പൊലീസ് കണ്ടെത്തിയത്. ഈ സംഭവമെല്ലാം പാകിസ്ഥാന്റെ അറിവോടെയാണെന്നും കണ്ടെത്തിയിരുന്നു. സ്‌പെഷ്യൽ സെൽ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കൽ വേരിയബിൾ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്പോൾ 2,000 രൂപ നോട്ടിൽ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ പറയുന്നു.
പാകിസ്ഥാനിൽ പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ നോട്ടുകൾ രാജ്യത്തേക്ക് കടത്തുന്നതിന് പിന്നിൽ പിടികിട്ടാപുള്ളിയായ ദാവൂദ് ഇബ്രാഹിന്റെ മേൽനോട്ടത്തിലുള്ള ഡികമ്പനിയാണെന്നും സൂചനയുണ്ട്. ഇന്ത്യൻ നോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങൾ പാകിസ്ഥാനിൽ അച്ചടിക്കുന്ന വ്യാജനിൽ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളിൽ അൽപം ഉയർത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ് ഇവ. കാഴ്ച കുറവുള്ളവർക്ക് നോട്ടു കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ആറു മാസം മുൻപ് പിടിച്ച കള്ള നോട്ടുകളിൽ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നോട്ടുകളുടെ വലതു ഭാഗത്ത് താഴെ പ്രിന്റ് ചെയ്തിരിക്കുന്ന എക്‌സ്‌പ്ലോഡിംഗ് സീരിസ് നമ്പറുകൾ പോലും ഇപ്പോൾ കള്ള നോട്ടുകളിൽ കാണാമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.