rafale-

മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ അതിർത്തി കടന്ന് ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കേണ്ടി വരില്ലായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ ബി.ജെ.പി സ്ഥാനാർ‌ത്ഥി മിര ബയേന്ദറിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനം ഏറ്റുവാങ്ങുമ്പോൾ നടത്തിയ ശസ്ത്രപൂജയെയും അദ്ദേഹം ന്യായീകരിച്ചു.

'ഇന്ത്യയുടെ കൈവശം റാഫേൽ ഉണ്ടായിരുന്നെങ്കിൽ ബലാക്കോട്ടിൽ കടക്കാതെ ഇന്ത്യയിൽ നിന്നു തന്നെ ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നു. യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനാണ്, അല്ലാതെ ആക്രമിക്കാനുള്ളതല്ല. യുദ്ധവിമാനത്തിൽ ഞാൻ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്. ഞാൻ എന്റെ വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിച്ചു. ക്രിസ്ത്യൻ, മുസ്ലീം, സിഖ് സമുദായാംഗങ്ങൾ ആമേൻ, ഓംകാർ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആരാധന നടത്താറുണ്ട്. ഞാൻ ശസ്ത്രപൂജ നടത്തിയ സമയത്ത് ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധമതാനുയായികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു'- രാജ്‌നാഥ് സിംഗ് പറഞ്ഞു.

rafale-

ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാനും ചൈനയ്‌ക്കും മുന്നിൽ ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയത്. തുടർന്ന് രാജ്നാഥ് സിംഗ് ആ വിമാനത്തിൽ പറന്ന് ചരിത്രം കുറിക്കുകയും ചെയ്‌തിരുന്നു. ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്‌ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തിൽ തിലകം ചാർത്തി പൂക്കളും നാളികേരവും സമർപ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് റാഫേൽ വിമാനത്തിൽ പറന്നത്. ഫ്രഞ്ച് പൈലറ്റാണ് വിമാനം പറത്തിയത്. ഇന്ത്യൻ പൈലറ്റുമാർക്ക് റാഫേലിൽ പരിശീലനം ലഭിക്കുന്നതേയുള്ളൂ.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേൽ യുദ്ധ വിമാനങ്ങളിൽ ആദ്യത്തേതാണിത്. ഇതുൾപ്പെടെ ആദ്യബാച്ചിലെ നാല് പോർവിമാനങ്ങൾ അടുത്ത വർഷം മേയിൽ ഫ്രാൻസിൽ നിന്ന് ഇന്ത്യയിൽ പറന്നെത്തും. 2022 സെപ്‌തംബറോടെ 36 വിമാനങ്ങളും ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.