firoz-kunnumparambil

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അപമാനിച്ച ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിനെതിരെ നിയമനടപടിക്കൊരുങ്ങി യുവതി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നത്. രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനെത്തിയതിനെ യുവതി വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ് അധിക്ഷേപിച്ചത്.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഫേസ്ബുക്ക് ലെെവിലൂടെ വ്യക്തമാക്കി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും യുവതി പറയുന്നു. തനിക്ക് നിരവധി പേരുടെ പിന്തുണയുണ്ടെന്നും ഫിറോസ് വ്യക്തമായ ഓഡിറ്റിംഗിന് വിധേയമാകുമെന്നും യുവതി വ്യക്തമാക്കുന്നു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുമെന്നും യുവതി കൂട്ടിച്ചേർക്കുന്നു. സ്ത്രീകൾക്കെതിരെ നിങ്ങൾ ഏത് വാക്കാണോ പ്രയോഗിച്ചത് നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും യുവതി ലെെവിൽ പറയുന്നു.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞിരുന്നു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർ തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.