n-r-sudharmadas

വാക്കുകളേക്കാൾ വാചാലമാണ് ഒരു നല്ല ഫോട്ടോഗ്രാഫ്. കേവലം ഒറ്റ ക്ലിക്കുകളിൽ ചില ചിത്രങ്ങൾക്ക് ഒട്ടനവധി അർത്ഥം കെെവരും. ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഒരു ചിത്രത്തിന് എന്ന പ്രയോഗം ഏറ്റവും അന്വർത്ഥമാകുന്നത് മനോഹരമായ ഫോട്ടോകൾ കാണുമ്പോഴാണ്. ഇത്തരത്തിലുള്ള ഫോട്ടാകളാണ് കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന്റേത്. പ്രകൃതിയെയും മനുഷ്യ ജീവിതത്തെയും പച്ചയായി ഒപ്പിയെടുത്ത ഒരുപിടി നല്ല ഫോട്ടോകൾ. സുധർമ ദാസിന്റെ ഫോട്ടോയിൽ നിന്ന് സിനിമയും പിറന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോട്ടോകളെ കുറിച്ച് ബി.ചന്ദ്രകുമാർ ഫോട്ടോ വെെഡ് എന്ന മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. 'തനിച്ചല്ല ഞാൻ' എന്ന സിനിമയുണ്ടായതിനു പിന്നിലെ ഫോട്ടോഗ്രാഫിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

അമ്പലപ്പുഴ പഞ്ചായത്തു മെമ്പർ റസിയ ബീവിയുടെ വീടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ഉണ്ടായ സംഭവമാണ് ഈ ഫോട്ടോയ്ക്കു പിന്നിൽ. ഇതുതന്നെയാണ് പിന്നീട് സിനിമയായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. 'രാമനും റഹിമും ഒന്നാണ്' എന്ന തലക്കെട്ടിലായിരുന്നു ഫോട്ടോ പ്രസിദ്ധീകരിച്ച് വന്നത്. ഈ ഫോട്ടോഗ്രാഫിനെ കുറിച്ച് വിവരിക്കുകയാണ് സുധർമ്മ ദാസ്.

-n-r-sudharmadas

'തനിച്ചല്ല ഞാൻ' എന്ന സിനിമയുണ്ടാവുന്നത് ഞാനെടുത്ത ഒരു ഫോട്ടോയിൽ നിന്നാണ്. ആ സിനിമയിലെ അഭിനയത്തിന് കല്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അമ്പലപ്പുഴ പഞ്ചായത്തു മെമ്പർ റസിയ ബീവിയുടെ വീടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ഉണ്ടായ സംഭവമാണ് എല്ലാത്തിനും കാരണമായത്. ട്രാക്കിൽ ഒരു വൃദ്ധയായ സ്ത്രീ ആത്മഹത്യ ചെയ്യാൻ കിടക്കുന്നത് റസിയ കണ്ടു. ഓടിച്ചെന്ന് അവരെ പിടിച്ച് മാറ്റി. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകി. ഒപ്പം നിറുത്തി സംരക്ഷിച്ചു. അവർ ഒരു അന്തർജനമാണ് എന്നറിഞ്ഞപ്പോൾ മുറ്റത്ത് തുളസിത്തറയിൽ വിളക്ക് വെക്കാനും പ്രാർത്ഥിക്കാനും സൗകര്യമൊരുക്കി.

വിവരമറിഞ്ഞ ഞാൻ റിപ്പോർട്ടർ അഭിലാഷിനൊപ്പം അവിടെയെത്തി ഫോട്ടോയെടുത്തു. ഒന്നാം പേജിൽ വാർത്ത കൊടുത്തു. 'രാമനും റഹിമും ഒന്നാണ്' എന്ന തലക്കെട്ടിൽ വന്ന ആ വാർത്ത വളരെ ചർച്ച ചെയ്യപ്പെട്ടു. ആ വാർത്തകണ്ട് നടി കല്പനയ്ക്ക് മനസലിവ് തോന്നി മാസം ആയിരം രൂപ ആ കുടുംബത്തിന് സഹായം നൽകാമെന്ന് വീട്ടിൽ ചെന്ന് അറിയിച്ചു. അതും വാർത്തയായി. സംഭവം കഥയാക്കി സംവിധായകൻ ബാബു തിരുവല്ല സിനിമയെടുത്തു. കെപിഎസി ലളിത അന്തർജനത്തിന്റെ വേഷവും കൽപ്പന റസിയയുടെ വേഷവും ചെയ്തു.