joli

കോഴിക്കോട്: ജോളിയുമായി ബന്ധമുള്ള രാഷ്ട്രീയ പ്രവർത്തകരെയെല്ലാം പാർട്ടി നേതൃത്വങ്ങൾ പുറത്താക്കുകയാണ്. ഇതിന് തുടക്കം കുറിച്ചതാകട്ടെ സി.പി.എമ്മും. സി.പി.എം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജ്‌കുമാറിനെയാണ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടത് കെ. മനോജ് കുമാറാണെന്നായിരുന്നു ജോളി നൽകിയ മൊഴി. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒന്നാം സാക്ഷിയായി മനോജ് കുമാർ ഒപ്പിട്ടു. ഒപ്പം രണ്ടാം സാക്ഷിയായ എൻ.ഐ.ടിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കള്ള ഒപ്പും മനോജ് തന്നെയാണ് ഇട്ടിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും തെളിഞ്ഞു. കൂടത്തായി കൊലപാതക പരമ്പര പുറത്ത് വരുന്ന സമയത്ത് തന്നെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇതിൽ ഉൾപ്പെട്ടതായി പറഞ്ഞു കേട്ടിരുന്നു.

എന്നാൽ ഈ വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് ദിവസങ്ങൾക്കകം ഇവരുടെ പേരുകൾ വ്യക്തമായി. ഒക്ടോബർ എട്ടിനാണ് ആദ്യമായി കെ. മനോജ്‌കുമാറിന്റെ പേര് പുറത്ത് വരുന്നത്.

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഒത്താശ ചെയ്ത മുസ്ളിംലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്പിച്ചി മോയി ആയിരുന്നു അടുത്ത രാഷ്ട്രീയ നേതാവ്. വ്യാജ ഒസ്യത്ത് നിയമപരമാക്കാൻ പഞ്ചായത്ത് ഓഫീസിലും മറ്റ് ഓഫീസുകളിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതിനും ഒരു ലക്ഷം രൂപ പ്രതിഫലമായി ജോളി നൽകി. ഇമ്പിച്ചി മോയിയുടെ പേര് വിവരം പുറത്ത് വന്നിട്ടും നടപടി എടുക്കാൻ ലീഗ് നേതൃത്വം ആദ്യം തയ്യാറായില്ല. ഒടുവിൽ ഒക്ടോബർ 14 നാണ് സംസ്ഥാന നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.