മുംബയ്: റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്കിൽ 90 ലക്ഷം നിക്ഷേപമുണ്ടായിരുന്നയാൾ മരിച്ചു. ഓഷിവാര സ്വദേശി സഞ്ജയ് ഗുലാത്തി (51) യാണ് ഇന്നലെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകർ നടത്തിയ പ്രതിഷേധത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. 80 വയസുള്ള പിതാവിനൊപ്പമാണ് ഇയാൾ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായത്. ജെറ്റ് എയർവേസ് ജീവനക്കാരനായിരുന്നു ഗുലാത്തി. കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും നഷ്ടമായിരുന്നു. രോഗിയായ മകനുണ്ട് ഇയാൾക്ക്. കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആർ.ബി.ഐ നിർദ്ദേശത്തെ തുടർന്ന് പി.എം.സി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് വിലക്കുണ്ട്. 40,000 രൂപ വരെ മാത്രമേ പിൻവലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിൻവലിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയർത്തിയത്.
വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പി.എം.സി ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പണം ലഭിക്കാതെ വന്നതിനെത്തുടർന്നാണ് നിക്ഷേപകർ സമരത്തിനിറങ്ങിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് തിങ്കളാഴ്ച ധർണയ്ക്കെത്തിയവർ പറഞ്ഞിരുന്നു.