നമുക്ക് സമ്പന്നരെ സമ്പന്നരാക്കി നിലനിറുത്തിക്കൊണ്ട് ദരിദ്രരെ സമ്പന്നരാക്കാൻ പറ്റില്ല’ - ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്കാര ജേതാക്കളിലൊരാളായ അഭിജിത് ബാനർജിയുടെ വാക്കുകൾ വളർച്ച അടിസ്ഥാനമാക്കി മാത്രമുള്ള മൂലധന വ്യവസ്ഥയിൽ നിന്ന് ലോകം മാറിച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ പ്രഖ്യാപനമാണ്. ഇന്ത്യയിൽ ഭീമമായി വളരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയെ നേരിടണമെങ്കിൽ നമ്മുടെ വിവരശേഖരണ സംവിധാനങ്ങളിലെ അപര്യാപ്തതകൾ ആദ്യം തിരിച്ചറിയണമെന്നും അവ ക്രമപ്പെടുത്താനുള്ള നടപടികളെടുക്കണമെന്നും ഡോ. ബാനർജി നിർദ്ദേശിക്കുന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ ഉപഭോഗ കണക്കുകൾ ഇന്ന് കൃത്യമായി ലഭ്യമല്ല. അവ വേർതിരിച്ചെടുക്കണമെങ്കിൽ തോമസ് പിക്കറ്റിയെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ മുന്നോട്ടുവെച്ച ശാസ്ത്രീയ വിവരശേഖരണരീതികൾ പരിഷ്കരിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. അടുത്ത ഘട്ടമാണ് നികുതിനിരക്ക് കാര്യമായി ഉയർത്തുക എന്നത്. ഇന്ത്യയിലെ പ്രത്യക്ഷനികുതി നിരക്കുകൾ ഒട്ടും യുക്തിസഹമല്ലെന്നും അവ കാര്യമായി വർദ്ധിപ്പിക്കേണ്ടതാണെന്നും അഭിപ്രായപ്പെടുന്ന ഡോ.ബാനർജി, നികുതിനിരക്കുകൾ ലളിതവും കുറവുള്ളതും അതേസമയം വിസ്തൃതവുമാകണമെന്ന സാമ്പത്തിക സമീപനത്തിൽ നിന്ന് അല്പം മാറിച്ചിന്തിക്കുന്നയാളാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.പി.എയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്ന ന്യായ് (മിനിമം സ്ഥിരവരുമാന പദ്ധതി) ഡോ. അഭിജിത് ബാനർജിയുടെ ദാരിദ്ര്യനിർമ്മാർജന സാമ്പത്തികസമീപനത്തിന് മറ്റൊരു തെളിവാണ്. മാസം 2500 രൂപ രാജ്യത്തെ അതീവ ദരിദ്രർക്ക് നൽകണമെന്നും അതിനായി 3.6 ലക്ഷം കോടി രൂപ ചെലവാക്കുന്നത് അധികപ്പറ്റല്ലെന്നുമാണ് നോബൽ ജേതാവ് അന്ന് സൂചിപ്പിച്ചത്. പക്ഷേ പ്രകടന പത്രികയിൽ കോൺഗ്രസ് അത് 6000 രൂപയാക്കി വർദ്ധിപ്പിച്ചു. സാമ്പത്തികശാസ്ത്രത്തിലെ ക്ഷേമരാഷ്ട്രസങ്കല്പത്തിലൂന്നി നിന്നുകൊണ്ടുള്ള ഈ സമീപനം 1989 മുതൽ പല വികസ്വര സമ്പദ് വ്യവസ്ഥകളും പിന്തുടരുന്ന വാഷിംഗ്ടൺ സമവായം എന്നറിയപ്പെടുന്ന പത്ത് തത്വങ്ങളിൽ പലതിനും വിരുദ്ധമാണ്. എൻ.ഡി.എ സർക്കാരിന്റെ നോട്ട് നിരോധനം തെറ്റായിരുന്നുവെന്ന് അദ്ദേഹം വളരെ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2000ത്തിന്റെ നോട്ട് വന്നതോടെ ഉയർന്ന മൂല്യമുള്ള കറൻസിയിലെ പൂഴ്ത്തി വയ്പ്പും അഴിമതിയും തുടരാനുള്ള സാദ്ധ്യതകൾ ഡോ.ബാനർജി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനുള്ള പരിഷ്കരണ പരിപാടികളിൽ ഊന്നിയുള്ള നയം പ്രായോഗികമല്ലെന്ന് എൻ.ഡി.എ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അവർ ക്ഷേമപദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് നല്ല കാര്യമാണ്. ദേശീയതൊഴിലുറപ്പ് പദ്ധതി പോലുള്ളവ ദാരിദ്ര്യ ലഘൂകരണത്തിന് സഹായകരമാണെന്നതിന് തെളിവുകളുണ്ട്. അത്തരം പദ്ധതികളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, ആധാർ തുടങ്ങിയ സാങ്കേതികസൗകര്യങ്ങൾ ലയിപ്പിച്ച് സമ്പത്തിന്റെ ചോർച്ച തടയണം. സമ്പത്തിന്റെ ‘പുനർവിതരണം’ ( അതിസമ്പന്നരിൽ നിന്നും സമ്പത്ത് ദരിദ്രരിലേക്ക് എത്തിക്കൽ) ഇന്നിപ്പോൾ ഏത് രാഷ്ട്രീയ വിശ്വാസവിഭാഗങ്ങൾക്കും സ്വീകാര്യമായ ഒന്നായി മാറിയിരിക്കുന്നു. അധികാരത്തിൽ തുടരുക എന്ന കേവലമായ രാഷ്ട്രീയ ആവശ്യകതയ്ക്കുപരിയായി അത് നയപരമായ സമവായത്തിന്റെ തലത്തിലേക്ക് ഉയരേണ്ടതാണെന്നും ഡോ.ബാനർജി അഭിപ്രായപ്പെടുന്നുണ്ട്.
ആഗോളദാരിദ്ര്യനിർമ്മാർജനത്തിനായി സ്വീകരിച്ച പരീക്ഷണാത്മകസമീപനങ്ങൾക്കാണ് ഡോ.ബാനർജിക്കും അദ്ദേഹത്തിന്റെ പത്നി ഡോ.എസ്തർ ഡുഫ്ളോയ്ക്കും സഹഗവേഷകൻ കൂടിയായ ഡോ.മൈക്കൽ ക്രെമർക്കും ഈ വർഷത്തെ സാമ്പത്തിക നോബൽ ലഭിക്കുന്നത്. ‘ദാരിദ്ര്യ’മെന്ന സംജ്ഞയെ കേവലം സിദ്ധാന്തവത്കരിക്കുകയല്ല അവർ ചെയ്തത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ നിരവധി പ്രോജക്ടുകളിലൂടെ ദാരിദ്ര്യനിർമ്മാർജന പദ്ധതികൾ നേരിടുന്ന നിർവഹണപ്രതിസന്ധികളെ മറികടക്കുകയും കൃത്യവും ലക്ഷ്യവേധിയുമായ ആസൂത്രണപ്രക്രിയയ്ക്ക് ആവശ്യമായ വിവരസമാഹരണം നൽകുകയും ചെയ്യാൻ ഇവരുടെ പോവർട്ടി ആക്ഷൻ ലാബിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ തമിഴ് നാട്, ഝാർഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുമായി ധാരണപത്രം ഒപ്പിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ആരോഗ്യവിദ്യാഭ്യാസരംഗങ്ങളിലെ നയരൂപീകരണത്തിന് കൃത്യമായ മാർഗനിർദ്ദേശം നൽകാൻ പര്യാപ്തമാണ്. കേരളം സാമ്പത്തികകാര്യ ഉപദേശകയായി ഡോ.ഗീത ഗോപിനാഥിനെ ഹ്രസ്വകാലത്തേക്ക് നിയോഗിച്ചെങ്കിലും നമുക്ക് ഇത്തരത്തിലുള്ള പ്രയോജനമൊന്നും കിട്ടിയില്ലെന്നത് എടുത്തു പറയേണ്ടതുണ്ട്.
2015 ൽ സാമ്പത്തിക നോബൽ ലഭിച്ച ഡോ.ആംഗസ് ഡീറ്റണിന്റെ പഠനമേഖലകളിലൊന്ന് ദാരിദ്ര്യമായിരുന്നു. 2017 ലെ നോബൽ ജേതാവ് ഡോ.റിച്ചാർഡ് ഥാലർ ഊന്നൽ നൽകിയത് വ്യക്തിഗത തീരുമാനങ്ങളുടെ യുക്തിയും യുക്തിരാഹിത്യവും സാമൂഹ്യമുൻഗണനകളും സാമ്പത്തികരംഗത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു. ബിഹേവിയറൽ ഇക്കണോമിക്സിലെ ഥാലർ പഠനങ്ങൾ ഇന്ത്യൻ സാമ്പത്തികആസൂത്രണത്തിൽ നാഴികക്കല്ലാവുമെന്ന് ഈ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇക്കണോമിക് സർവേ നമ്മോട് പറഞ്ഞു. കഴിഞ്ഞ വർഷത്തെ സാമ്പത്തിക നോബൽ ജേതാക്കളായ പോൾ എം.റോമർ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനു പിന്നിലുള്ള ദീർഘകാല സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചാണ് പഠിച്ചത്. അദ്ദേഹത്തോടൊപ്പം നോബൽ പങ്കിട്ട വില്യം ഡി. നോർധസ് കാലാവസ്ഥാവ്യതിയാനത്തിന്റെ സാമ്പത്തിക വിശകലനമാണ് നടത്തിയത്. സമീപകാല സമ്പത്തിക നോബലുകളിൽ സാധാരണമനുഷ്യന്റെ പട്ടിണിയും ജീവിതനിലവാരമില്ലായ്മയും പരിഹരിക്കുന്നതിനുള്ള വഴികൾ തേടുന്നവർക്ക് അംഗീകാരം ലഭിക്കുന്നുണ്ട്.
സമീപകാലത്ത് രാജ്യം നേരിട്ട സാമ്പത്തികതളർച്ചയുടെ മൂലകാരണമായി പല വിദഗ്ദ്ധരും വിലയിരുത്തിയത് നിരവധി ഘടകങ്ങളുടെ സമ്മർദ്ദം കൊണ്ട് ജനങ്ങൾ ഉപഭോഗം കുറച്ചതാണെന്നാണ്. വാങ്ങൽ ശേഷി വർധിപ്പിക്കാനുള്ള ഉത്തേജകപാക്കേജുകളാണ് റിസർവ് ബാങ്കിലൂടെയും ധനമന്ത്രിയിലൂടെയും പ്രഖ്യാപിക്കപ്പെട്ടത്. ആധുനികകാലത്ത് ഏത് സാമ്പത്തികസാഹചര്യവും വിലയിരുത്തപ്പെടുന്നതിൽ ഉത്പാദനത്തേക്കാൾ ഉപഭോഗത്തിന് പ്രാധാന്യം കൈവന്നിരിക്കുന്നു. ഉപഭോഗം പരമാവധി ഉയർത്തുന്നതിന് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. അതുവഴി വിപണിക്ക് ജീവൻ നൽകുകയും ഉല്പാദനവർധനവിന് സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്ന വിപരീതദിശയിലുള്ള നടത്തം. ആവശ്യത്തിന് ഉത്പാദനമെന്നല്ല, ഉപഭോഗത്തിനനുസരിച്ച് ഉത്പാദനമെന്നതാണ് ആധുനികമൂലധനവ്യവസ്ഥയുടെ മർമ്മം. വിപണിയുടെയും സമ്പദ് വ്യവസ്ഥയുടെയും മൃഗീയ ചോദനകൾ ഉണർത്തുക എന്നതാണ് വളർച്ചാകേന്ദ്രിത സാമ്പത്തികശാസ്ത്രജ്ഞർ ഈ സാഹചര്യത്തിന് നൽകുന്ന വിശേഷണം. ഈ ധനതന്ത്രത്തിൽ ദാരിദ്ര്യനിർമ്മാർജനം സ്വാഭാവികമായ പരിണതിയായി വരേണ്ടതാണ്. കാരണം മൂലധനവ്യവസ്ഥയിലെ നിശ്ചലാവസ്ഥ പരിഹരിക്കാൻ വിപണി കൂടുതൽ അംഗബലത്തോടെ വിസ്തൃതമാകേണ്ടതുണ്ട്. കൂടുതൽ പേർ കൂടുതൽ ധനശേഷി കൈവരിച്ചില്ലെങ്കിൽ മൂലധനവ്യവസ്ഥയിലെ താത്കാലിക സ്തംഭനം സ്ഥിരപ്രതിഭാസമായി മാറും. ആഗോളതലത്തിലെ ഈ പ്രശ്നം യഥാർത്ഥത്തിൽ വലിയൊരവസരമാണ് തുറന്നിടുന്നത്. സാമ്പത്തികഅസമത്വത്തിൽ വിള്ളൽ വീഴ്ത്തി ദരിദ്രജനവിഭാഗങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം നൽകാൻ മൂലധനശക്തികൾ നിർബന്ധിതമാവുന്ന സാഹചര്യമാണ് തനിയെ ഉരുത്തിരിയുന്നത്.
ഈ സവിശേഷസാഹചര്യത്തിലാണ് അമർത്യാസെൻ മുതൽ അഭിജിത് ബാനർജി വരെയുള്ളവരുടെ സംഭാവനകൾ ശ്രദ്ധാപൂർവം വായിക്കപ്പെടേണ്ടത്. ഒരു മനുഷ്യന് അവന്റെ സഹജമായ ശേഷിയുടെ പരമാവധി ഉപയോഗിക്കാനും അതിൽ നിന്ന് നേട്ടമുണ്ടാക്കാനും കഴിയുന്ന അവസ്ഥയാണ് വികസനം അഥവാ സ്വാതന്ത്ര്യം എന്ന് ഡോ. അമർത്യസെൻ പറഞ്ഞിട്ടുണ്ട്. ഡീറ്റൺ, ഥാലർ, റോമർ, ബാനർജി തുടങ്ങിയവർ ദാരിദ്ര്യത്തെ നേരിടാനുള്ള മൂർത്തമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ തന്നെ മൂലധനവ്യവസ്ഥ ഇവയെ ഉൾക്കൊള്ളുന്നത് ഇടക്കാലമാർഗം എന്ന നിലയിൽ മാത്രമായിരിക്കും. അവിടെയാണ് ഇക്കണോമിക്സ് മനുഷ്യോന്മുഖമാവാൻ വേണ്ട രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകളുടെ പ്രസക്തി.
( തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, മാദ്ധ്യമവിഭാഗത്തിൽ അദ്ധ്യാപകനാണ് ലേഖകൻ)