കോഴിക്കോട്: കൊലപാതകങ്ങളിൽ കുടുങ്ങില്ലെന്നായിരുന്നു വിശ്വാസമെന്നും ഇനി അഥവാ പൊലീസ് പിടിക്കുമെന്ന ഘട്ടം വരുമ്പോൾ ആത്മഹത്യ ചെയ്യാൻ കൂടി ലക്ഷ്യമിട്ടാണ് സയനൈഡ് സൂക്ഷിച്ചതെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പറഞ്ഞു.
തിങ്കളാഴ്ച രാത്രി പൊന്നാമറ്റം വീട്ടിൽ ജോളിയുമായി വീണ്ടും തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അടുക്കളയിൽ നിന്ന് സയനൈഡ് കുപ്പി കണ്ടെടുത്തത്. പഴയ പാത്രങ്ങൾക്കിടയിൽ ഭദ്രമായി തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ഈ കുപ്പി.
കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചിരുന്നു. തുടർന്നാണ് രാത്രി തന്നെ ജോളിയുമായി അന്വേഷണസംഘം വീണ്ടും പൊന്നാമറ്റത്ത് എത്തിയത്.
എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പൊന്നാമറ്റത്ത് പരിശോധന നടത്തിയതിന് ശേഷമായിരുന്നു ജോളിയുമായുള്ള തെളിവെടുപ്പ്.