bjp

കോട്ടയം: സഭാതർക്ക കേസിൽ ഇടത്, വലതു മുന്നണികളോട് ഇടഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ് സഭാ വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ഓർത്തഡോക്സ് വോട്ടുകൾ നിർണായകമായ കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ സുരേന്ദ്രനു വേണ്ടി ഓർത്തഡോക്സ് സഭാ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. ഓർത്തഡോക്‌സ് സഭയ്‌ക്ക് ഇവിടെ 40,000 ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ശബരിമല വിഷയത്തിലെ അതൃപ്തിയും ഇടതു- വലത് മുന്നണികളോടുള്ള ഓർത്തഡോക്സ് വിശ്വാസികളുടെ എതിർപ്പും കോന്നിയിൽ വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

ഇതു മനസിലാക്കി ഇടതു മുന്നണി ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ രംഗത്തെത്തി.

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോട്ടയത്ത് ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാധ്യക്ഷനെ കണ്ടു .

യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പള്ളിക്കേസിൽ യാക്കോബായ വിഭാഗത്തിനൊപ്പം നിന്നുവെന്നും സഭാംഗമായിട്ടും ഉമ്മൻചാണ്ടി ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി പ്രവർത്തിച്ചില്ലെന്നും സഭാ നേതാക്കൾ ആരോപിക്കുന്നതിനാൽ യു.ഡിഎഫ് നേതാക്കൾ അകന്നു നിൽക്കുകയാണ്.

പിറവം പള്ളിക്കേസിൽ ഇടത്, യു.ഡി.എഫ് കക്ഷികൾ സഹായിച്ചില്ലെന്ന് കോന്നിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ച പിറവം പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസ് തെന്നലും, മലങ്കര ഓർത്തഡോക്‌സ് അസോസിയേഷൻ അംഗം പ്രകാശ് കെ. വർഗീസും ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

പിറവം പള്ളി പ്രശ്‌നത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. സഭയോട് സഹായം അഭ്യർത്ഥിച്ചെത്തിയത് ബി.ജെ.പിക്കാർ മാത്രമാണ്. കോന്നിയിൽ ഓർത്തഡോക്സ് സഭാംഗമായ റോബിൻ പീറ്ററിന് സീറ്റ് നിഷേധിച്ചതിനു പിന്നിൽ കളിച്ചത് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനാണ് . രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് അന്ധമായ എതിർപ്പില്ല.സഭാംഗങ്ങൾ സുരേന്ദ്രനായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.