പുതുക്കാട്: തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തു നിന്നും വാടകയ്ക്ക് വിളിച്ച യൂബർ ടാക്‌സി അക്രമികൾ തട്ടിയെടുത്തു. ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ശേഷമാണ് കാറുമായി കടന്നത്. മണ്ണംപേട്ട കരുവാൻപടി പണ്ടാരി വീട്ടിൽ രാജേഷിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പുതുക്കാട് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് രണ്ടുപേർ ചേർന്ന് കാർ വാടകയ്ക്ക് വിളിച്ചത്.
പുതുക്കാട് എത്തിയ ഇവർ കാണേണ്ട ആളെ ഫോൺ ചെയ്തിട്ട് കിട്ടുന്നില്ലെന്ന് അറിയിച്ചു. തുടർന്ന് പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ നിന്നു കാഞ്ഞൂപ്പാടം വഴി ആമ്പല്ലൂരിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ആമ്പല്ലൂരിൽ യൂണിയൻ ഓഫീസ് പരിസരത്ത് കാർ എത്തിയപ്പോൾ നിറുത്താൻ പറഞ്ഞു. വാടക എത്രയെന്ന് തിരക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ ഒരാൾ ഡ്രൈവറുടെ മുഖത്ത് സ്‌പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും രാജേഷ് കൈ
തട്ടിമാറ്റി. ഇതിനിടെ കൂട്ടാളി ഡ്രൈവറുടെ തലയ്ക്കടിച്ചു. തുടർന്ന് കത്തികാട്ടി ഡ്രൈവറോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറുമായി അക്രമികൾ രക്ഷപ്പെട്ടു.
രാജേഷ് ഉടൻ സുഹൃത്തുക്കളെയും പുതുക്കാട് പൊലീസിനെയും വിവരം അറിയിച്ചു. കൊരട്ടിയിൽ ഉണ്ടായിരുന്ന ഹൈവേ പൊലീസ് പിന്തുടർന്ന് കാലടിയിൽ നിന്നു കാർ പിടിച്ചെടുത്തു. കാർ നിറുത്തിയ ഉടൻ രണ്ടു പേരും ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത കാർ പൊലീസ് കാലടി സ്റ്റേഷനിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ രാജേഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.