halliburton

ഹൂസ്റ്റൺ: ഇസ്ലാം മതത്തിൽപ്പെട്ട തങ്ങളുടെ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തതിന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഊർജ സേവന കമ്പനിക്ക് 1,96,77,900 കോടി രൂപ പിഴ ചുമത്തി. ഹാലിബർട്ടൻ എന്ന കമ്പനിയുടെ മാനേജർമാർ തങ്ങളുടെ ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള കീഴ്ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിനാണ് യു.എസ്. തുല്യവേതനാവസര കമീഷൻ 275,000 ഡോളർ പിഴ ചുമത്തിയത്. സിറിയയിൽ വേരുകളുള്ള മിർ അലി, ഇന്ത്യൻ വംശജനായ ഹസൻ സ്നോബർ എന്നിവരെയാണ് കമ്പനിയുടെ മാനേജർമാർ അപമാനിച്ചത്.

ഇവർ ഇത് സംബന്ധിച്ച് തുല്യവേതനാവസര കമീഷന് പരാതി നൽകിയിരുന്നു. കമീഷൻ ചുമത്തിയ പിഴ നൽകാൻ തങ്ങൾ തയാറാണെന്ന് ഹാലിബർട്ടൻ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഊർജ സ്ഥാപനമാണ് ടെക്‌സാസിലെ ഹൂസ്റ്റൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാലിബർട്ടൻ. പിഴ നൽകുന്നതിന് പുറമെ, ഭാവിയിൽ കമ്പനി വംശീയമോ ദേശപരമോ ആയ പരാമർശങ്ങളിൽ നിന്നും വിട്ടുനിൽകണമെന്നും കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്നെ അപമാനിച്ചപ്പോൾ അതിനെതിരെ പരാതി നൽകിയ മിർ അലിയെ ജോലിയിൽ നിന്നും കമ്പനി പിരിച്ചുവിട്ടിരുന്നു. വർഷങ്ങളോളം മാനേജർമാർ തങ്ങളെ അപമാനിച്ചിരുന്നുവെന്നും തീവ്രവാദികളെന്ന് സംബോധന ചെയ്തിരുന്നുവെന്നും ജീവനക്കാർ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.