കൊച്ചി : തൃപ്പൂണിത്തുറ പേട്ട ധനേഷ് വധക്കേസിൽ പ്രതികളായ തൃപ്പൂണിത്തുറ നടമ അയ്യമ്പിള്ളിക്കാവ് ജയിൻ (32), മരട് കൊല്ലംപറമ്പിൽ ദീപക് (41), തൈക്കൂടം ഉൗരുവിലാംകൂട് വിനോദ് (32), മരട് മാവുങ്കൽ പറമ്പിൽ അനീഷ് (33) എന്നിവർക്ക് എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
വെയർഹൗസിംഗ് കോർപറേഷനിലെ പാക്കിംഗ് തൊഴിലാളിയായിരുന്ന പൂണിത്തുറ പേട്ട ഇല്ലത്തുപറമ്പ് റോഡിൽ കാവനാൽ ധനേഷിനെ (26) 2011 ലെ ക്രിസ്മസ് ദിനത്തിലാണ് പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുകൂടിയായ ധനേഷ് തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ സുഹൃത്തുമൊത്ത് ബസ് സ്റ്റോപ്പിലെത്തിയപ്പോൾ മദ്യലഹരിയിൽ എത്തിയ പ്രതികൾ വഴക്കിട്ടതാണ് സംഭവത്തിന്റെ തുടക്കം. വാക്കേറ്റം ഉന്തും തള്ളുമായതോടെ ധനേഷിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിടിച്ചുമാറ്റി പൂത്തോട്ടയിലേക്കുള്ള ബസിൽ കയറ്റിവിട്ടു. പ്രതികൾ ബസിനു പിന്നാലെ ബൈക്കിലെത്തി വെല്ലുവിളിച്ചു. ബസിൽ നിന്ന് ചാടിയിറങ്ങിയ ധനേഷും പ്രതികളുമായി വീണ്ടും വഴക്കുണ്ടായി. സുഹൃത്ത് ഒാടിയെത്തി ധനേഷിനെ സമീപത്തെ മറ്റൊരു റോഡിലേക്ക് കൊണ്ടുപോയി. പ്രതികൾ ഒന്നാം പ്രതി ജയിനെ വിളിച്ചുവരുത്തി. തുടർന്ന് കത്തിയുമായെത്തിയ സംഘം ഇയാളെ കുത്തിവീഴ്ത്തുകയായിരുന്നു. ധനേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി.ഐ ബൈജു പൗലോസ്, എസ്.ഐ ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.