joli

കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ചമയ്ക്കാൻ ഒത്താശ ചെയ്തുവെന്ന പരാതിയിൽ ആരോപണവിധേയയായ കോഴിക്കോട് എൽ.ആർ തഹസിൽദാർ ജയശ്രീ എസ്. വാര്യർക്കെതിരെ മുൻ വില്ലേജ് ഓഫീസറുടെ മൊഴി. താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാരായിരിക്കെ ജയശ്രീ നിർബന്ധിച്ചതുകൊണ്ട് ജോളി സമർപ്പിച്ച രേഖപ്രകാരം നികുതി സ്വീകരിച്ചുവെന്നാണ് അന്ന് കൂടത്തായി വില്ലേജ് ഓഫീസറായിരുന്ന കിഷോർഖാൻ ഡെപ്യൂട്ടി കളക്ടറുടെ തെളിവെടുപ്പിൽ മൊഴി നൽകിയത്. ഇപ്പോൾ കാസർകോട് ഡെപ്യൂട്ടി തഹസിൽദാരാണ് കിഷോർഖാൻ.

സാധാരണ നിലയിൽ അന്വേഷണത്തിനു ശേഷം രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തിയേ നികുതി സ്വീകരിക്കാറുള്ളു. എന്നാൽ, ജോളി തന്റെ സുഹൃത്താണെന്നും യാതൊന്നും സംശയിക്കാനില്ലെന്നും മേലുദ്യോഗസ്ഥ പറഞ്ഞതിനാൽ കൂടുതൽ അന്വേഷണത്തിനു മുതിർന്നില്ല - അന്വേഷണ ഉദ്യോഗസ്ഥൻ ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ സി. ബിജു മുമ്പാകെ കിഷോർഖാൻ പറഞ്ഞു.

അയൽവാസിയായിരുന്ന ജോളിയുടെ നികുതി സ്വീകരിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു തിങ്കളാഴ്ച ജയശ്രീയുടെ മൊഴി. ജയശ്രീയും കിഷോർഖാനും പരസ്പരവിരുദ്ധമായി മൊഴി നൽകിയ സാഹചര്യത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു ഇന്ന് ഇരുവരെയും ഒന്നിച്ചിരുത്തി തെളിവെടുക്കും.

നികുതി ചേർത്ത അന്നത്തെ സ്പെഷ്യൽ വില്ലേജ് ഓഫീസർ സുലൈമാനിൽ നിന്നു വിശദമായി തെളിവെടുത്തു. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തിയതോടെ കൈവശാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് കാണിച്ച് ഓമശ്ശേരി പഞ്ചായത്തിന് കത്ത് നൽകിയ അന്നത്തെ വില്ലേജ് ഓഫീസർ മധുസൂദനന്റെയും മൊഴിയെടുത്തു. വ്യാജ ഒസ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഇപ്പോൾ കോഴിക്കോട് താലൂക്ക് ഓഫീസിൽ ഇൻസ്പെ‌ക്‌ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ടായ മധുസൂദനൻ വിശദീകരിച്ചു. ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ കൂടത്തായി വില്ലേജ് ഓഫീസർ കെ. ഷിജുവിനെയും ഇന്നലെ വിളിച്ചുവരുത്തിയിരുന്നു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെളിവെടുപ്പ് രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്.