ഗുരുവായൂർ: പെട്രോൾ പമ്പിലെ കളക്‌ഷൻ തുക കൈക്കലാക്കാൻ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിലായി.കയ്പമംഗലത്തെ മൂന്നുപീടിക ഫ്യൂവൽസ് ഉടമ കാളമുറി പടിഞ്ഞാറ് അകമ്പാടം സ്വദേശി കോഴിപ്പറമ്പിൽ കെ.കെ. മനോഹരന്റെ (68) മൃതദേഹമാണ് ഇന്നലെ രാവിലെ ഗുരുവായൂരിനടത്ത് മമ്മിയൂർ കുന്നംകുളം റോഡരികിൽ കണ്ടെത്തിയത്.
കയ്പമംഗലം സ്വദേശികൾ തന്നെയായ അനസ്, അൻസാർ, സിയോൺ എന്നിവരാണ് കസ്റ്റഡിയിലായത്. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നും മൂന്നു ദിവസമായി മനോഹരനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും പ്രതികൾ വെളിപ്പെടുത്തിയായി പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ മുപ്പതു വയസിൽ താഴെയുള്ളവരാണ്.
തിങ്കളാഴ്ച രാത്രി പമ്പ് അടച്ച് കാറിൽ വീട്ടിലേക്കു മടങ്ങിയ മനോഹരനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കുന്നംകുളം റോഡിൽ മമ്മിയൂരിലെ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിനു സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഇരുകൈകളും പിന്നിലേക്കു കെട്ടി, കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെയിന്റിംഗിലും മറ്റും ഉപയോഗിക്കുന്ന മാസ്കിംഗ് ടേപ്പ് സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ച് മനോഹരന്റെ കൈകൾ പിന്നിലേക്ക് ചേർത്തുവച്ച് ഒട്ടിച്ചെന്നാണ് കരുതുന്നത്.
ദിവസവും രാത്രി ഒന്നരയോടെയാണ് മനോഹരൻ പമ്പ് പൂട്ടി, കളക്ഷൻ തുകയുമായി വീട്ടിലേക്കു മടങ്ങാറ്. പതിവു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. മനോഹരൻ ഉറങ്ങുകയാണെന്നും രാവിലെ വിളിക്കാനുമായിരുന്നു ഫോണെടുത്തയാളുടെ നിർദ്ദേശം. പിന്നീട് പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ വീട്ടുകാർ കയ്പമംഗലം പൊലീസിൽ പരാതി നൽകി.
മനോഹരനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, ഇന്നലെ രാവിലെ ആറരയോടെ, നടക്കാനിറങ്ങിയവർ മമ്മിയൂരിലെ റോഡരികിൽ മൃതദേഹം കണ്ടത്. തുടർന്ന് കയ്പമംഗലം പൊലീസും മനോഹരന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ചാണ് ശ്വാസം മുട്ടിച്ചതെന്ന് കസ്റ്റഡിയിലായ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ ജി. യതീഷ്ചന്ദ്ര സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ സി. ബിജു ഭാസ്‌ക്കർ, ഗുരുവായൂർ ടെമ്പിൾ സി.ഐ: സി. പ്രേമാനന്ദകൃഷ്ണൻ, ഗുരുവായൂർ സി.ഐ: സി. സേതു, കുന്നംകുളം സി.ഐ: കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മനോഹരന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗീതയാണ് ഭാര്യ. മക്കൾ: ലാൽ, സന്ദീപ്, ലക്ഷ്മി.