മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ തിരുനെല്ലിയിലെ തോട്ടം തൊഴിലാളിയായ സി പി എം നേതാവ് കെ.സി. മണി (44) കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റർ ഗാർഡനിലെ നൈറ്റ് വാച്ചറായ മണി ജോലി കഴിഞ്ഞ് ഇന്നലെ രാവിലെ ആറു മണിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കരച്ചിൽ കേട്ട് പാന്റ് എന്റർപ്രൈസസ് തോട്ടത്തിലെ ജീവനക്കാരൻ പ്രദേശവാസികളെ വിളിച്ചുകൂട്ടി എത്തിയപ്പോഴാണ് മണിയെ സാരമായി പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
ചങ്കുമൂല സാരംഗ് നിവാസിൽ ചാമിയാർ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കൾ: സാരംഗ്, സായുജ്.
ആക്കൊല്ലി പുതിയ കോവിലകം മരിയ വിന്റർ ഗാർഡനിൽ 23 വർഷമായി ജോലിക്കാരനാണ് മണി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റുമാണ്. ഡി.വൈ.എഫ്.ഐ തിരുനെല്ലി മേഖലാ സെക്രട്ടറി, മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്നലെ സന്ധ്യയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു.
തിരുനെല്ലിയിൽ വ്യാപക പ്രതിഷേധം
കാട്ടാനയുടെ ആക്രമണത്തിൽ മണി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയി ജനപ്രതിനിധികളുമായി ഉൾപ്പെടെ നടത്തിയ ചർച്ചയെ തുർന്നാണ് സമരം അവസാനിപ്പിച്ചത്.
മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി. അടിയന്തര ധനസഹായമായി 10,000 രൂപ കൈമാറും. ഭാര്യയ്ക്ക് ഉടൻ താത്കാലിക ജോലി ഉറപ്പാക്കും. പിന്നീട് സ്ഥിരം ജോലിക്കായി സർക്കാരിന് ശുപാർശ സമർപ്പിക്കും.
നഷ്ടപരിഹാരതുകയിൽ അഞ്ച് ലക്ഷം രൂപയ്ക്കുള്ള ചെക്ക് ഇന്ന് കൈമാറും.