maradu-flat

കൊച്ചി: മരടിലെ ഫ്ളാറ്റുകൾക്ക് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മാണ അനുമതി നൽകുകയും തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുകയും ചെയ്ത കേസിൽ നിർമ്മാണ കമ്പനി ഉടമയും പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്‌റ്റു ചെയ്‌തു.
സുപ്രീം കോടതി പൊളിക്കാനുത്തരവിട്ട നാലു ഫ്‌ളാറ്റുകളിൽ ഒന്നായ എച്ച്‌.ടു.ഒ ഫ്‌ളാറ്റിന്റെ നിർമാതാക്കളായ ഹോളിഫെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ ഡയറക്ടർ എറണാകുളം എളമക്കര കാട്രൂക്കുടിയിൽ സാനി ഫ്രാൻസിസ്‌ (55),നിർമാണത്തിന് അനുമതി നൽകിയ കാലഘട്ടത്തിൽ മരട്‌ പഞ്ചായത്ത്‌ സെക്രട്ടറിയായിരുന്ന ആലപ്പുഴ ബസാർ പുളിങ്ങോട്ടിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (59), ജൂനിയർ സൂപ്രണ്ടായിരുന്ന ചേർത്തല എഴുപുന്ന പുതുപ്പറമ്പിൽ പി.ഇ. ജോസഫ്‌ (65) എന്നിവരെയാണ്‌ ഡിവൈ.എസ്‌.പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ നിർമ്മാതാക്കളും ഉദ്യോഗസ്ഥരും അറസ്‌റ്റിലാകുമെന്ന് അന്വേഷണസംഘം സൂചന നൽകി.ഇപ്പോൾ അരൂർ പഞ്ചായത്ത് സെക്രട്ടറിയായ ജയറാം നായ്ക്കിനെ പ്രതിയുമാക്കി. മരടിൽ ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകുമ്പോൾ ഇയാൾസെക്ഷൻ ക്ളാർക്കായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, വിശ്വാസവഞ്ചനഎന്നിവയ്ക്ക് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ്‌ അറസ്‌റ്റ്‌. അഴിമതി നിരോധന നിയമം ചേർത്തതിനാലാണ് പ്രതികളെ വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നത്. മുഹമ്മദ്‌ അഷ്‌റഫിനെയും ജോസഫിനെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. നിയമം ലംഘിച്ച്‌ ഫ്‌ളാറ്റുകൾക്ക്‌ അനുമതി നൽകിയതിൽ ഇരുവരുടെയും പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. മൂവരെയും ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ആൽഫ വെഞ്ച്വേഴ്‌സ്‌ ഉടമ പോൾ രാജ്‌ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്‌. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും ഇന്നലെ ഹാജരായില്ല.
സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ഫ്‌ളാറ്റ്‌ ഉടമകൾ നൽകിയ പരാതിയിലാണ്‌ അന്വേഷണം. ഹോളി ഫെയ്‌ത്ത്‌ എച്ച്‌.ടു.ഒ, ആൽഫ സെറീൻ, ജയിൻ കോറൽ എന്നീ ഫ്‌ളാറ്റുകളിലെ ഉടമകളാണ്‌ മരട്‌,പനങ്ങാട്‌ പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി നൽകിയത്‌.
ഫ്‌ളാറ്റുകൾക്ക്‌ നിർമാണാനുമതി നൽകിയ 2005 കാലയളവിലെ മുഴുവൻ രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തീരപരിപാലന നിയമലംഘനം കണ്ടെത്താനായി ജില്ലാ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ വഴി ഫ്‌ളാറ്റുകളുടെ സർവേ നടത്തി. ഹോളിഫെയ്‌ത്ത്‌ എച്ച്‌.ടു.ഒ, ആൽഫ ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ കായൽ നികത്തിയതായി തെളിയിക്കുന്ന സർവേ റിപ്പോർട്ട്‌ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിരുന്നു.

 മുഹമ്മദ് അഷറഫ് പണ്ടേ വില്ലൻ

മരട് പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ 2005 ൽ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടി. രണ്ടു വർഷം ജയിലിൽ ശിക്ഷ അനുഭവിച്ചു. ഇതോടെ സർവീസിൽ നിന്ന് ഡിസ്‌മിസ് ചെയ്‌തു.