കോഴിക്കോട്: ശബരിമല വിഷയത്തിൽ ബി.ജെ.പി യുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശബരിമലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തുകയാണ് വേണ്ടത്. വിശ്വാസ സംരക്ഷണത്തിനായി ബി.ജെ.പി ഏതറ്റം വരെയും പോകും. ഈ നിലപാടിന് മാറ്റമില്ല.
ശബരിമല കേന്ദ്ര സർക്കാരിന്റെ പരിഗണനാവിഷയമാണെന്ന് എ.കെ. ആന്റണി ഇപ്പോൾ പറയുന്നു. ശബരിമല വിധി വന്നപ്പോൾ സ്ത്രീകൾ കയറുന്നത് കോൺഗ്രസ് സ്വാഗതം ചെയ്യുകയായിരുന്നു. ശബരിമലയിൽ ആദ്യം സമരം തുടങ്ങിയത് ബി.ജെ.പി യാണ്. പിന്നീടാണ് യു.ഡി.എഫ് എത്തിയത്. അവർ സമരം വഴിയിൽ ഉപേക്ഷിച്ചു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ വിശ്വാസികളെ അടിച്ചമർത്തിയ സി.പി.എം ഇപ്പോൾ വിശ്വാസികളോട് മാപ്പു പറയുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അഞ്ച് സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നാം പാർട്ടിയല്ല. ഒന്നും രണ്ടും സ്ഥാനത്തുള്ള പാർട്ടിയാണ്. സി.പി.എമ്മിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടിൽ ബി.ജെ.പിയെ എതിർക്കേണ്ടതിനെക്കുറിച്ച് മാത്രമേയുള്ളൂ. യു.ഡി.എഫിനെക്കുറിച്ച് മിണ്ടുന്നില്ല. സി.പി.എം - കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിത്. തിരുവനന്തപുരം നഗരസഭയിലും മഞ്ചേശ്വരത്തെ പഞ്ചായത്തുകളിലും രണ്ടു പാർട്ടികളും സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.