divya

കോഴിക്കോട്: കൂടത്തായി കൊലക്കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി ഐ.സി.ടി വിഭാഗം എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിൽ പരിശോധന നടത്തി. ശാസ്ത്രീയതെളിവുകൾ ശേഖരിക്കുന്നതിനായി സംഘം രണ്ടു മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നു.

മരിച്ച ആറുപേരെയും ആദ്യം ചികിത്സയ്ക്കെത്തിച്ചത് ഈ ആശുപത്രിയിലാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണസംഘം പരിശോധിച്ചു. ആശുപത്രി ജീവനക്കാരിൽ നിന്നു വിവരങ്ങളും ശേഖരിച്ചു. പരിശോധനയിൽ മരണങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെത്തിയെന്നാണ് സൂചന.
ദുരൂഹസാഹചര്യത്തിൽ ഒരേ കുടുംബത്തിലുള്ളവരെ ആശുപത്രിയിൽ എത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്ന ചോദ്യം ആശുപത്രിക്കെതിരെ ഉയർന്നിരുന്നു. വിവിധ കാലയളവിൽ പല ഡോക്ടർമാരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.