കൊച്ചി : തീരദേശ പരിപാലനനിയമം ലംഘിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം നാളെ (വ്യാഴം) നടക്കും. ഇന്ന് സബ് കളക്ടർ സ്നേഹിൽകുമാർ സിംഗുമായി ചർച്ച നടത്തും. കൗൺസിൽ യോഗത്തിൽ മരട് ഫ്ലാറ്റുകൾ കമ്പനികൾക്ക് നൽകുന്നത് അജണ്ടയാക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ കേരളകൗമുദിയോട് പറഞ്ഞു.
ഒക്ടോബർ 12ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്നത് തീരുമാനമായിരുന്നില്ല. നഗരസഭയിൽ ചേർന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഫ്ലാറ്റ് കമ്പനികൾക്ക് കൈമാറുന്ന വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ അന്ന് എതിർത്തത്. യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങൾ ആരെങ്കിലും ഇതിനെതിരെ വിയോജനക്കുറിപ്പുമായി രംഗത്തുവന്നാൽ യോഗത്തിൽ എടുക്കുന്ന തീരുമാനം റദ്ദാകുമെന്നും അതിനാലാണ് അംഗീകാരം നൽകാതിരുന്നതെന്നും കൗൺസിലർമാർ പറഞ്ഞിരുന്നു. 50,000 രൂപയിൽ കൂടുതൽ ചെലവു വരുന്ന എന്തു നടപടികൾ പൂർത്തീകരിക്കണമെങ്കിലും ടെണ്ടർ നടപടികൾ അജണ്ടയിൽ കാണിച്ച് കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് വിഷയം അജണ്ടയിൽ വ്യക്തമായി കാണിക്കേണ്ടത് ആവശ്യമായത്. നഗരസഭ അന്ന് എതിർത്തതോടെ നടപടികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച കാലപരിധിക്കുള്ളിൽ നടക്കേണ്ട കാര്യങ്ങൾ ദിവസങ്ങൾ നീങ്ങിയാണ് നടക്കുന്നത്.
'ഇതുവരെയുള്ള നടപടികളെല്ലാം സർക്കാർ നേരിട്ടായിരുന്നു. കമ്പനികൾക്ക് കൈമാറാൻ വേണ്ടി മാത്രമാണ് നഗരസഭ കൗൺസിലിന്റെ അംഗീകാരം തേടിയത്. അത്തരമൊരു കാര്യം യോഗത്തിൽ ചർച്ചയ്ക്ക് വരുമെന്ന് ആരും അന്ന് കരുതിയിരുന്നില്ല. അജണ്ട അംഗീകരിക്കണമെന്ന് സർക്കാർ പറഞ്ഞാൽ അടുത്തദിവസം ചേരുന്ന കൗൺസിൽ യോഗത്തിൽ എല്ലാവരും അംഗീകരിക്കും. '
ടി.എച്ച് നദീറ
മരട് നഗരസഭ ചെയർപേഴ്‌സൺ