1-1
കൊൽക്കത്ത : ഫിഫ റാങ്കിംഗിൽ നൂറിലേറെ പോയിന്റുകൾക്ക് പിന്നിലുള്ള ബംഗ്ളാദേശിനോട് സ്വന്തം മണ്ണായ കൊൽക്കത്തയിൽ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ സമനിലയിൽ പിരിയേണ്ടിവന്ന ഷോക്കിലാണ് ഇന്ത്യൻ ഫുട്ബാൾ ടീം. ഇന്നലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് ഇന്ത്യയ്ക്ക് സമനിലയുടെ കയ്പ്പുനീർ കുടിക്കേണ്ടിവന്നത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിട്ടിൽ സാദ് ഉദ്ദീനിലൂടെയാണ് ബംഗ്ളാദേശ് ഇന്ത്യയെ ഞെട്ടിച്ചത്.നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിട്ട് ശേഷിക്കേ ഡിഫൻഡർ ആദിൽഖാനാണ് സമനില ഗോൾ നേടിയെടുത്തത്. മികച്ച പാസിംഗും മുന്നേറ്റങ്ങളും കാഴ്ചവച്ചിട്ടും അവസരങ്ങൾ മുതലാക്കാതിരുന്നതാണ് യോഗ്യതാറൗണ്ടിലെ ആദ്യ വിജയമെന്ന ഇന്ത്യൻ സ്വപ്നം തകർത്തുകളഞ്ഞത്. ഗോളടി വീരനായ നായകൻ സുനിൽ ഛെത്രി പരിക്ക് മാറിയെത്തിയിട്ടും ഇന്ത്യയ്ക്ക് സമ്മർദ്ദമില്ലാതെ കളിച്ച അയൽക്കാരെ കീഴടക്കാനായില്ല.
മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ ചാൻസ് ലഭിച്ചിരുന്നു. ആഷിഖിന്റെ പാസിൽ നിന്ന് ഛെത്രിയുടെ ഷോട്ട് ബംഗ്ളാദേശ് ഗോളി അഷ്റഫുളിന്റെ കയ്യിലേക്കായിരുന്നു. തുടർന്ന് സഹലും ആഷിഖും ഛെത്രിയും ഉദാന്ത സിംഗും ചേർന്ന് ബംഗ്ളാദേശിനെ വിരട്ടിക്കൊണ്ടിരുന്നു. തുടക്കത്തിൽ ലീഡ് നേടാൻ കഴിയാതിരുന്നത് ഇന്ത്യയ്ക്ക് സമ്മർദ്ദമുണ്ടാക്കി. ഉദാന്തയും സഹലും ചേർന്ന് ഒന്നിനു പിന്നാലെ അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷിംഗിൽ പിഴച്ചു. 35-ാം മിനിട്ടിൽ ഭെക്കെയുടെ ഒരു ലോംഗ് പാസിൽ നിന്നുള്ള മൻവീറിന്റെ ഹെഡർ ബംഗ്ളാ ഗോളി വിരൽത്തുമ്പുകൊണ്ട് കുത്തിക്കയറ്റി വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 36-ാം മിനിട്ടിൽ അനസ് മഞ്ഞക്കാർഡ് കണ്ടു.
സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞിരുന്ന ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 42-ാം മിനിട്ടിൽ ഇന്ത്യ ഗോൾ ഏറ്റുവാങ്ങിയത്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. നായകൻ ജമാൽ ദുയാൻ തൊടുത്ത കിക്ക് സാദ് ഉദ്ദീനാണ് വലയിലാക്കിയത്. രാഹുൽ ഭെക്കെയെ വെട്ടിച്ചായിരുന്നു സാദിന്റെ ഷോട്ട്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ നിരന്തരം പരിശ്രമിച്ചെങ്കിലും അവസാന സമയത്ത് മാത്രമാണ് സമനില ഗോൾ പിറന്നത്.
പരാജയം മുന്നിൽകണ്ടപ്പോൾ 88-ാം മിനിട്ടിൽ ഒരു കോർണർ കിക്കിന് തലവച്ചാണ് ആദിൽ ഖാൻ ഇന്ത്യയുടെ തല താഴാൻ അനുവദിക്കാതെ കാത്തത്.