കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ. കൊച്ചിയിൽ അസുഖം ബാധിച്ച 10 രോഗികൾക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടിൽ നന്മയ്ക്ക് പ്രധാന്യമില്ലെന്നും സമൂഹത്തിൽ നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് പറഞ്ഞു.
കുറ്റവും കുറവുകളും കണ്ടെത്തുക. അത് അല്ലെങ്കിൽ തന്റെതായി എന്തെങ്കിലും കുറ്റം കണ്ടെത്തുക എന്നതാണ് നടക്കുന്നത്. ഫിറോസ് സ്ത്രീയെ അപമാനിച്ചു, ജയിൽ പോകുമോ എന്നൊക്കെ ചോദിച്ച് കൊണ്ട് വാർത്തകൾ വരുന്നുണ്ട്. ഇതേപോലെ കേസുകൾ ഉണ്ടാക്കാനും അഴിക്കുള്ളിലാക്കാനും ആളുകൾ നോക്കുന്നുണ്ട്. ഇന്നലെ ഒരു ലൈവിലൂടെ ഒരു കാര്യം പറഞ്ഞു. ഇതിനിടെ എന്നെ കുറിച്ച് ഒരു സ്ത്രീ ഒരു പരാമർശം നടത്തി. ആ പരാമർശത്തിന് അവർ എങ്ങിനെയായിരുന്നോ അതിന് മറുപടി കൊടുത്തു. ഉടനെ അവർ അത് ഡിലീറ്റ് ചെയ്ത് പോയി. ഉടനെ അത് എന്നെയാണ് പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് വേറെ ഒരു സ്ത്രി വരികയായിരുന്നു.- ഫിറോസ് വ്യക്തമാക്കി.
താൻ സ്ത്രീകളെ അപമാനിച്ചിട്ടില്ല. എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കിൽ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും പറഞ്ഞു. അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുൻ കെ.എസ്.യു നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഫിറോസിനെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈൻ പറഞ്ഞു.