ശരിയായും മര്യാദയോട് കൂടിയും ഇരിക്കണമെന്നും നടക്കണമെന്നും കേട്ട് വളർന്നവരാണ് നമ്മുടെ സ്ത്രീകൾ. ഇത്തരം ഉപദേശങ്ങളും ശാസനകളും എന്നും സ്ത്രീകൾക്ക് നേരെയാണ് ഉണ്ടായിട്ടുള്ളത്. പുരുഷൻ എങ്ങനെ നടക്കണമെന്നോ പെരുമാറണമെന്നോ സംസാരിക്കണമെന്നോ ആരും പറയുന്നത് നാം കേട്ടിട്ടില്ല. സ്ത്രീകൾ അവരുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ പലപ്പോഴും പല പുരുഷന്മാരും പുച്ഛത്തോടെയും അവഞ്ജയോടെയും മാത്രമേ അത് ചെവികൊണ്ടിട്ടുള്ളു.
നടിയും നർത്തകിയുമായ കല്ലിംഗൽ വീടുകളിൽ ആരംഭിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് ഒരു മീൻകഷണത്തെ ഉദാഹരണമാക്കി സംസാരിച്ചപ്പോഴും പരിഹാസങ്ങളും തെറിവിളിയുമായി മലയാളി പുരുഷൻ രംഗത്തെത്തി. അതിലൊന്നും തളരാതെ മുന്നോട്ട് നടി മറ്റൊരു ആശയവുമായി തന്റെ ആരാധകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ റിമ.
കാനായി കുഞ്ഞിരാമന്റെ 'മലമ്പുഴയിലെ യക്ഷി' എന്ന ശിൽപ്പമാണ് റിമ ഇതിന് അടിസ്ഥാനമാക്കിയത്. ശില്പത്തിന് മുൻപിലായി യക്ഷിയുടെ അതേ പോസിൽ താൻ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പിനോടൊപ്പം റിമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കാനായിയുടെ 'യക്ഷി'യുടെ അൻപതാം വാർഷികത്തിലാണ് റിമ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
റിമയുടെ കുറിപ്പ് വായിക്കാം:
'യക്ഷി എന്ന സങ്കൽപ്പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു. സ്ത്രീകൾ എല്ലായ്‌പ്പോഴും ചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും കവിതകളുടെയും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ കൂടുതലായി ചിത്രീകരിക്കുകയും തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്ത് ദീർഘകാലം നിലനിൽക്കുന്ന വാർപ്പുമാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങൾ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കുകയും ശാരീരിക സ്വഭാവത്തിലൂടെ സ്വീകാര്യത തേടുകയുമാണ്. വളർന്നുവരുന്ന സമയങ്ങളിൽ നിങ്ങളിൽ എത്ര പേരോട് നേരെ ഇരിക്കണമെന്നും ശരിയായി ഇരിക്കണമെന്നും പറഞ്ഞിട്ടുണ്ട്?'