poems

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡൻഡ്സ് യൂണിയൻ 'പോസ്റ്റ് ട്രൂത്ത്' എന്ന പേരിൽ പുറത്തിറക്കിയ മാസികയ്ക്കെതിരെ പ്രതിഷേധവുമായി എം.എസ്.എഫും എ.ബി.വി.പി.യും രംഗത്ത്. കോളേജിന്റെ മാസികയിൽ ഇസ്ളാമിനെയു ഹിന്ദു മതത്തേയും പ്രധാനമന്ത്രിയേയും അവഹേളിക്കുന്ന തരത്തിലുള്ള കൃതികളുണ്ടെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം. മാസികയിൽ പ്രസിദ്ധീകരിച്ച 'മൂടുപടം' എന്ന കവിത ഇസ്‌ലാം മതത്തെ അവഹേളിക്കുന്നുവെന്ന് എം.എസ്.എഫ് ആരോപിക്കുമ്പോൾ 'ബുദ്ധക്കണ്ണ്' എന്ന കവിത ശബരിമലയ്ക്ക് എതിരെയാണെന്നാണ് എ.ബി.വി.പിയുടെ വാദം. മോദിക്കെതിരെയും മാസികയിൽ പരാമർശമുണ്ടെന്നും എബിവിപി പറയുന്നു.

പർദ്ദ വേഷധാരികളായ സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗനരക വിശ്വാസങ്ങളെ വളരെ മോശമായ ഭാഷയിൽ കവിതയിലൂടെ അപമാനിക്കുന്നതായി എം.എസ്.എഫ് പറയുന്നു. മാസികയിൽ നിറഞ്ഞു നിൽക്കുന്നതെല്ലാം ദേശദ്രോഹപരമായ കവിതകളും കഥകളുമാണെന്നാണ് എ.ബി.വി.പിയുടെ ആരോപണം. മാസികയ്‌ക്കെതിരെ ബി.എം.എസിൽഅഫിലിയേഷൻ ചെയ്തിട്ടുള്ള സർവകലാശാല ഉദ്യോഗസ്ഥരുടെ സംഘടന പരാതിയുമായി യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സമീപിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ മാസിക പിൻവലിച്ചുവെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നിഷേധിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.