firoz-kunnumparambil

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിനെതിരെ വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവൻ രംഗത്തെത്തി. ഫിറോസിനെതിരെ വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

"ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം,​ സംഭവത്തിൽ ഫിറോസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ അസുഖം ബാധിച്ച 10 രോഗികൾക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടിൽ നന്മയ്ക്ക് പ്രധാന്യമില്ലെന്നും സമൂഹത്തിൽ നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് പറഞ്ഞു. താൻ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കിൽ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.