തെഹ്റാൻ: സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ ചെങ്കടലിൽ ഇറാൻ എണ്ണക്കപ്പൽ സബിതിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി രംഗത്ത്. ഞങ്ങളുടെ കപ്പൽ ആക്രമിച്ചത് ആരായാലും അവരോട് പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പ്രസിഡന്റ് നൽകുന്ന മുന്നറിയിപ്പ്. കപ്പൽ ആക്രമിച്ചതിന് പിന്നിൽ ഒരു വ്യക്തിയോ തീവ്രവാദി ഗ്രൂപ്പോ അല്ല, ഇത് ഒരു ഭരണകൂടമോ ഒരു സർക്കാരോ നടത്തിയ ആക്രമണമാണെന്ന് റുഹാനി പറയുന്നു. അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും റുഹാനി സൗദിയുടെ പേര് പറയാതെ വ്യക്തമാക്കി.
എണ്ണക്കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. കപ്പലിലേക്ക് നിരവധി മിസൈലുകളാണ് പതിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ അരും ഏറ്റെടുക്കാത്ത സ്ഥിതിക്ക് പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതേസമയം, ഇറാനിയൻ കപ്പലിനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ ആക്രമണ രീതി ഇങ്ങനെയല്ല. മുമ്പ് നടത്തിയ ആക്രമണങ്ങൾ പരിശോധിച്ചാൽ അറിയാമെന്നും സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.
ഹസൻ റുഹാനി ഒരു വർഷത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണാനെത്തിയത് സംഭവത്തിന്റെ ഗൗരവം എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ സൗദി അമേരിക്കയിൽ നിന്ന് 3000 സൈനികരെ സുരക്ഷക്കായി എത്തിച്ചിട്ടുണ്ട്. ഇറാൻ ഏതുസമയത്തും തിരിച്ചടിക്കുമെന്ന ഭയത്തെ തുടർന്നാണ് സൗദിയുടെ ഈ നീക്കം.
ഇതിനിടെ റഷ്യയിൽ നിന്ന് വാങ്ങിയ മിസൈൽ സാങ്കേതിക വിദ്യ ഇറാൻ നവീകരിക്കുന്നു എന്നാണ് റിപ്പോർട്ട്. മധ്യദൂര മിസൈലുകളിൽ നിന്ന് മാറി ദീർഘ ദൂര മിസൈലുകളാണ് ഇറാൻ പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഇത് സൗദിയുടെ തന്ത്രപ്രധാന മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്. അമേരിക്ക ഇറാന്റെ നീക്കങ്ങളെ കുറിച്ച് സൗദിയെ അറിയിച്ചിട്ടുണ്ട്. സൗദിയുടെ മണ്ണിൽ ഇനിയൊരു ആക്രമണം നടന്നാൽ, മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള വിമർശനം കടുക്കും.
ദിവസങ്ങൾക്ക് മുമ്പാണ് ഇറാൻ എണ്ണക്കപ്പലിനു നേരെ മിസൈൽ ആക്രമണം ഉണ്ടായത്. 2 മിസൈലുകളേറ്റ് ടാങ്ക് തകർന്നതിനെത്തുടർന്ന് കടലിലേക്ക് എണ്ണ ചോർന്നിരുന്നു. ഇറാനിലെ ലാറക് തുറമുഖത്തേക്കു വരുമ്പോഴാണ് നാഷണൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'സബിത്തി' ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പിന്നീട് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമം വെളിപ്പെടുത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിനു തീ പിടിച്ചിട്ടില്ലെന്ന് ടാങ്കർ കമ്പനി (എൻ.ഐ.ടി.സി) പ്രതികരിച്ചതും ആക്രമിക്കപ്പെട്ട കപ്പൽ ഏതെന്നു സ്ഥിരീകരണം ലഭിക്കാഞ്ഞതും തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
സൗദിയിലെ അരാംകോ എണ്ണശാലയ്ക്കുനേരെ ആക്രമണമുണ്ടായി ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ ഉണ്ടായ പുതിയ സംഭവം മേഖലയിൽ പൊതുവേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ആക്രമണത്തെപ്പറ്റി സൗദിയോ ഈ മേഖലയിലുള്ള യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽവ്യൂഹമോ പ്രതികരിച്ചിട്ടില്ല.