കൊല്ലം: മലയാളി ജവാനായ കിഴക്കതിൽ വീട്ടിൽ പ്രഹ്ലാദന്റെ മകൻ പി.എസ് അഭിജിത്(22) കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ ബാരാമുള്ളയിൽ പട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ചത്. ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് അഭിജിത് യാത്രയാകുന്നത്.
അടച്ചുറപ്പുള്ള ഒരു വീട് പണിയണമെന്നതായിരുന്നു അഭിജിതിന്റെ ഏറ്റവും വലിയ ആഗ്രഹം. മൂന്ന് കൊച്ച് കടമുറികളും അടുക്കളയുമുൾപ്പെടുന്ന വീട്ടിലേക്കാണ് ഇന്ന് മൃതദേഹമെത്തിക്കുന്നത്. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സമീപത്തായി സ്ഥിതിചെയ്യുന്ന ശ്രീനാരായണ ഹാളിലാണ് പൊതുദർശനം.
സഹോദരിയുടെ വിവാഹവും ഈ 22 കാരന്റെ വലിയൊരു സ്വപ്നമായിരുന്നു. അച്ഛൻ പ്രഹ്ലാദൻ വിദേശത്താണെങ്കിലും കാര്യമായ വരുമാനം അദ്ദേഹത്തിന് ഇല്ല. അതിനാൽത്തന്നെ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ അഭിജിത്തിലായിരുന്നു. മൂന്ന് വർഷം മുമ്പ് പട്ടാളത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ഇതോടെ വായ്പയെടുത്ത് വീട് പണിയാം എന്ന് കണക്കുകൂട്ടി. എന്നാൽ അതൊന്നും കാണാൻ കാത്ത് നിൽക്കാതെയാണ് അഭിജിത് മടങ്ങുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് കോയിൻ ബോക്സിൽ നിന്ന് അമ്മയെ വിളിച്ച് രണ്ട് മിനിറ്റ് സംസാരിച്ചിരുന്നു.