ആറുവർഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൃഥ്വിയും ഷാജികൈലാസും സൂചന നൽകിയിരുന്നെങ്കിലും താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിസും ചേർന്നാണ് ചിത്രം നിമർമ്മിക്കുന്നത്. ജിനു എബ്രഹാമിന്റെതാണ് കഥ.
ഫസ്‌റ്റ് ലുക്ക് പോസ്‌റ്രറിൽ നിന്ന് മാസ് എന്റർടൈനർ മാതൃകയിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു ഷാജി കൈലാസ് ചിത്രം തന്നെയാകും 'കടുവ' എന്നു തന്നെയാണ് സൂചന. രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ നിർവഹിക്കും.
സിംഹാസനമാണ് പൃഥ്വി- ഷാജികൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 2012ലായിരുന്നു ചിത്രം റിലീസ് ചെയ്‌തത്. പിന്നീട് മറ്റു ചില ചിത്രങ്ങൾ സംവിധാനം ചെയ്‌തെങ്കിലും അതൊന്നും തന്നെ തന്റെ ക്ളാസിക് വിജയങ്ങളുടെ നിഴൽ പോലുമാകാനുള്ള അവസരം ഷാജി കൈലാസിന് നൽകിയില്ല.
അതേസമയം, പിറന്നാൾ ദിനത്തിൽ പൃഥ്വി പുറത്തുവിട്ട 'കടുവ' ആരാധകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്.