അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്.
സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയിൽ ബഹുവർണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം പ്രതികരിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീഷ് നയിച്ച പടിഞ്ഞാറൻ മേഖല ജാഥയിൽ ആണ് മഞ്ഞയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്. ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാർച്ചിൽ പച്ച നിറത്തിലും അരിവാൾ ചുറ്റികയുണ്ട്.
നേരത്തെ മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിൽ പച്ചനിറത്തിലാണ് അരിവാൾ ചുറ്റിക പ്രത്യക്ഷപ്പെട്ടത്.ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടുതേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.ഫൈസലിന്റെ പച്ചനിറത്തിലുള്ള പോസ്റ്ററുകളാണ് മണ്ഡലത്തിന്റെ മുക്കുംമൂലയും അന്ന് കൈയടക്കിയത്.