ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയൊരു ലോട്ടറിയാണ്. 51.46 ദിർഹം നാട്ടിലേക്കയച്ചാൽ ആയിരം രൂപ പ്രിയപ്പെട്ടവരുടെ പോക്കറ്റിൽ കിടക്കും. കഴിഞ്ഞ ദിവസം വൈകീട്ട് 19.43 രൂപയായിരുന്നു ഒരു ദിർഹത്തിന്റെ നിരക്ക്.
അതേസമയം, 22 ദിർഹം കമ്മിഷൻ ചാർജായി നൽകേണ്ടിവരും (വിവിധ എക്‌സ്‌ചേഞ്ചുകളിൽ നേരിയ വ്യത്യാസമുണ്ട്). രൂപയുടെ മൂല്യം ഇത്തരത്തിൽ ഇടിഞ്ഞതറിഞ്ഞ് ഇന്നലെ നിരവധിയാളുകളാണ് നാട്ടിലേക്ക് പണമയക്കാനായി എത്തിയത്.
വേൾഡ് ബാങ്ക് റിപ്പോർട്ടനുസരിച്ച് ഇന്ത്യയുടെ വളർച്ചാനിരക്ക് റിസർവ് ബാങ്കിന്റെ പ്രവചനത്തിലും താഴെയായതാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണമെന്നാണ് സൂചന. ഒക്ടോബറിൽ 6.1 ആയിരുന്നു ആർ.ബി.ഐ പ്രവചിച്ചത്. എന്നാൽ ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇത് 6ശതമാനമാണ്. ഈയാഴ്ച ചൈന- യുഎസ് വ്യാപാരക്കാരാറിന്റെ ആദ്യഘട്ടത്തിന് ധാരണയാകുമെന്ന സൂചനകളാണ് ഡോളറിന് കരുത്ത് കൂട്ടിയത്.